ഇന്ത്യന്‍ താരങ്ങള്‍ സംഘടന രൂപീകരിക്കുന്നു, ക്രിക്കറ്റ് ലോകത്ത് റെവലൂഷന്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടന വരുന്നു. സംഘടനനയ്ക്ക് ബിസിസിഐ പ്രവര്‍ത്തനാനുമതി നല്‍കിയതിന് പിന്നാലെ രണ്ട് കോടി രൂപ ഗ്രാന്റായും അനുവദിച്ചു. സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടന രൂപീകരിക്കുന്നത്.

മുംബൈയില്‍ ഓഫീസും മറ്റും ക്രമീകരിക്കുന്നതിനായാണ് ബിസിസിഐ രണ്ട് കോടി ആദ്യ ഘട്ട ഗ്രാന്‍ഡ് അനുവദിച്ചത്. ബിസിസിഐയുടെ ഉന്നതാധികാര സമിതി യോഗത്തിലാണ് ഈ തുക അനുവദിക്കാന്‍ തീരുമാനമായത്. ബിസിസിഐ നല്‍കുന്ന 5 കോടി ഗ്രാന്റിന്റെ ആദ്യ ഗഡുവാണ് ഈ തുക.

തുടക്കത്തിലേയുള്ള ചെലവുകള്‍ക്കായി മാത്രമാണ് ഗ്രാന്റ് നല്‍കുക. തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിനായുള്ള ഫണ്ട് അസോസിയേഷന്‍ സ്വയം കണ്ടെത്തണം, ഇനി അസോസിയേഷന്‍ യോഗം ചേര്‍ന്ന് ഭാരവാഹികളേയും മറ്റും തിരഞ്ഞെടുക്കേണ്ടതുണ്ട്.

ഭാവി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും നിര്‍ണായകമായ നീക്കങ്ങളിലൊന്നാകും ഈ സംഘടന. കളിക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും സാദ്ധ്യതകളുമെല്ലാമാം ബിസിസിഐയ്ക്ക് മുന്നിലെത്തിക്കുക എന്നതാകും ഈ സംഘടനയുടെ പ്രധാന ചുമതലകളിലൊന്ന്.