കോഹ്‌ലിക്ക് നന്ദി പറഞ്ഞ് ബെയര്‍‌സ്റ്റോ, അയാളുമായി ഇതാദ്യമല്ല; വെളിപ്പെടുത്തലുമായി ജോണി ബെയര്‍‌സ്റ്റോ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോയെ സ്ലെഡ്ജ് ചെയ്ത് വിരാട് കോഹ്ലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. നാക്ക് മാറ്റി ബാറ്റുകൊണ്ട് മൈതാനത്ത് അഗ്രഷന്‍ കാണിക്കാനാണ് കോഹ്‌ലിയോട് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്. ഇംഗ്ലണ്ട് തകര്‍ന്ന് തരിപ്പണമാകുമ്പോഴും ബെയര്‍‌സ്റ്റോ ഇന്ത്യന്‍ ബോളര്‍മാരെ കടന്നാക്രമിച്ച് സെഞ്ച്വറി നേടിയ സാഹചര്യവും ക്രിക്കറ്റ് പ്രേമികളെ കോഹ്‌ലിയ്ക്ക് നേരെ തിരിച്ചിട്ടുണ്ട്.

അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനമാണ് കോഹ്‌ലി ജോണി ബെയര്‍‌സ്റ്റോയെ ആദ്യം സ്ലെഡ്ജ് ചെയ്തത്. ബെയര്‍‌സ്റ്റോ ക്രീസിലെത്തിയതിന് പിന്നാലെയായിരുന്നു ഇത്. ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. ഇംഗ്ലണ്ട് ബാറ്റ് ചെയ്ത 14ാം ഓവറിലാണ് സംഭവം. ‘ടിം സൗത്തിയുടെ പന്തിനെക്കാളും അല്‍പ്പം കൂടി വേഗം തോന്നുന്നുണ്ടല്ലെ’ എന്നാണ് കോഹ്ലി ബെയര്‍‌സ്റ്റോയോട് ചോദിച്ചത്. എന്നാല്‍ ബെയര്‍‌സ്റ്റോ ഇതിനോട് പ്രതികരിച്ചില്ല.

മെല്ലെ ഇന്നിംഗ്സ് കൊണ്ടുപോവുക ആയിരുന്ന ബെയര്‍‌സ്റ്റോ ട്രാക്ക് മാറ്റുക ആയിരുന്നു. ഇതിന്റെ പിന്തുടര്‍ച്ചയെന്നോണം മൂന്നാം ദിനം ഇംഗ്ലണ്ട് ഇന്നിംസിന്റെ 32ാം ഓവറില്‍ കോഹ്ലിയും ബെയര്‍‌സ്റ്റോയും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍ ഇരുവരും എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ല. അമ്പയര്‍ ഇടപെട്ട് ഇരുവരെയും മാറ്റിവിടുന്നത് കാണാമായിരുന്നു. മുറിവേറ്റ സിംഹത്തിന്റെ ശ്വാസം എന്ന സിനിമ ഡയലോഗ് പോലെ ജോണി ട്രാക്ക് മാറ്റി ഇന്ത്യൻ ബൗളിംഗ് നിരക്ക് ശരിക്കും ഭീക്ഷണിയായി.

മത്സരശേഷം ജോണി ഇതിനോട് പ്രതികരിച്ചതും വൈറൽ ആയി. “ഞങ്ങൾ(കോഹ്‌ലിയും താനും) ഇപ്പോൾ പത്ത് വർഷമായി പരസ്പരം കളിക്കുന്നു. അത് എപ്പോഴും തീപിടിപ്പിക്കാറുണ്ട്. ഞങ്ങൾ ഫീൽഡിൽ കടുത്ത മത്സരം നൽകുന്നു. ടെസ്റ്റിൽ ഈ രീതിയാണ് നല്ലത്. ഇങ്ങനെയുള്ള വഴക്കുകൾ നമ്മളിൽ നിന്നും ഏറ്റവും മികച്ചത് നൽകുന്നു. അതാണ് ടെസ്റ്റിന്റെ സൗന്ദര്യം, ”ജോണി ബെയർസ്റ്റോ സ്കൈ സ്പോർട്സിനോട് പറഞ്ഞു.

എന്തായാലും ബാറ്റിംഗിൽ ഉള്ള മോശം ഫോം കാരണം ട്രോളിൽ നിറയുന്ന കോഹ്ലി സ്വയം വരുത്തിവെച്ച വിനയായി പോയി.