സിക്‌സ് പതിച്ചത് കുട്ടിയുടെ ദേഹത്ത്, രോഹിത്തിന്റെ ശ്രദ്ധ ക്ഷണിച്ച് ബെയര്‍സ്‌റ്റോ

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ഏകദിന മത്സരത്തിനിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പായിച്ച സിക്‌സര്‍ പതിച്ചത് കുട്ടിയുടെ ദേഹത്ത്. വില്ലിക്കെതിരെ അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ രോഹിത് നേടിയ സിക്സാണ് ആശങ്കകള്‍ക്ക് വഴിവെച്ചത്.

വില്ലിയുടെ ഷോര്‍ട്ട് ബോളില്‍ അനാസായം 79 മീറ്റര്‍ സിക്സാണ് രോഹിത് പറത്തിയത്. എന്നാല്‍ പന്ത് ചെന്ന് പതിച്ചത് കുട്ടിയുടെ ദേഹത്താണെന്നത് രോഹിത് അറിഞ്ഞില്ല. ജോണി ബെയര്‍സ്‌റ്റോയാണ് രോഹിത്തിന് അരികെ എത്തി ഗ്യാലറിയിലേക്ക് ശ്രദ്ധ ക്ഷണിച്ചത്. പിന്നീട് അല്‍പ്പനേരം മൈതാനത്ത് ആശങ്ക തളംകെട്ടി.

കുട്ടിക്ക് പരിക്കേറ്റത് ശ്രദ്ധയില്‍പ്പെട്ടതോടെ ഉടനെ ബൗണ്ടറി ലൈനിന് അരികില്‍ ഉണ്ടായിരുന്ന ഇംഗ്ലണ്ടിന്റെ ഫിസിയോ ടീമിനെ അയക്കുകയും ചെയ്തു. ശേഷമാണ് കളി പുനഃരാരംഭിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വെറും 111 റണ്‍സാണ് വിജയലക്ഷ്യമായി ഇന്ത്യക്കു മുന്നില്‍ വച്ചത്. ജസ്പ്രീത് ബുംറയുടെ മാജിക്കല്‍ ബോളിംഗായിരുന്നു ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയത്. 7.2 ഓവറില്‍ മൂന്നു മെയ്ഡനടക്കം 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. മൂന്നു വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമി അദ്ദേഹത്തിനു മികച്ച പിന്തുണയേകി. പ്രസിദ്ധ് കൃഷ്ണയ്ക്കു ഒരു വിക്കറ്റും ലഭിച്ചു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ കുറച്ച് ഓവറുകളില്‍ റണ്ണെടുക്കാന്‍ വിഷമിച്ചെങ്കിലും പിന്നീട് രോഹിത്- ശിഖര്‍ ധവാന്‍ ജോടി കത്തിക്കയറി. 18.4 ഓവറില്‍ തന്നെ ഇന്ത്യ വിജയറണ്‍ കുറിച്ചു രോഹിത് 76ഉം ധവാന്‍ 31ഉം റണ്‍സെടുത്തു.