ഏഷ്യാ കപ്പ്: പാകിസ്ഥാന് എതിരായ ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്‍; എതിരാളികളും മോശക്കാരല്ല

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി. രോഹിത് ശര്‍മ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്ലിയും കെഎല്‍ രാഹുലും മടങ്ങിയെത്തിയാണ് ഹൈലൈറ്റ്. ഈ മാസം 28 ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക നായകന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലുമായിരിക്കും. കഴിഞ്ഞ ടി20 ലോകകപ്പിലും പാകിസ്താനെതിരേ ഇരുവരുമായിരുന്നു ഓപ്പണ്‍ ചെയ്തത്. രോഹിത് മികച്ച ഡച്ചിലാണെങ്കിലും പരിക്ക് ഭേദമായി തിരിച്ചെട്ടുന്ന രാഹുല്‍ എങ്ങനെ ബാറ്റ് വീശുമെന്ന് കണ്ട് തന്നെയറിയണം.

മൂന്നാം നമ്പറില്‍ മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോഹ്‌ലി തന്നെ കളിക്കും. നിലവില്‍ മോശം ഫോമിലാണെങ്കിലും ടൂര്‍ണമെന്റില്‍ താരത്തിന്റെ തിരിച്ചുവരവ് കാണാനാകുമെന്ന പ്രതീക്ഷ ടീമിനും ആരാധകര്‍ക്കും ഉണ്ട്. നാലാം നമ്പരില്‍ സൂര്യകുമാര്‍ യാദവും, അഞ്ചാം സ്ഥാനത്ത് റിഷഭ് പന്തും പിന്നാലെ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദ്ദിക് പാണ്ഡയും രീവീന്ദ്ര ജഡേജയും ഇറങ്ങും.

പേസ് ബൗളിങില്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാറായിരിക്കും ചുക്കാന്‍ പിടിക്കുക. കൂട്ടിന് പുതിയ പേസ് സെന്‍സേഷനായി മാറിയ യുവ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗുമുണ്ടായിരിക്കും.

സ്പിന്നര്‍മാരില്‍ യുസ്വേന്ദ്ര ചഹലാണ് പ്ലെയിംഗ് ഇലവനില്‍ സ്ഥാനമുറപ്പുളള താരം. രണ്ടാമത്തെ സ്പിന്നറുടെ സ്ഥാനത്തിനു വേണ്ടി പരിചയ സമ്പന്നനായ ആര്‍ അശ്വിനും യുവതാരം രവി ബിഷ്ണോയിയും തമ്മിലായിരിക്കും മത്സരം.

ഇന്ത്യ സാധ്യത ഇലവന്‍; രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍/രവി ബിഷ്‌ണോയ്.