ഏഷ്യാകപ്പ് ഫൈനല്‍: ലങ്കന്‍ പടയെ എറിഞ്ഞൊതുക്കി ഇന്ത്യ, കിരീടത്തിലേക്ക് ചെറിയ ദൂരം

വനിതകളുടെ ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ശ്രീലങ്ക. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 65 റണ്‍സ് മാത്രമാണ് നേടാനായത്.

ലങ്കന്‍ നിരയില്‍ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 18 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇനോക രണവീരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഒഷാദി രണസിംഗെ 13 റണ്‍സും എടുത്തു.

ഇന്ത്യയ്ക്കായി രേണുക സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രാജേശ്വരി ഗയക്വാദ്, സ്‌നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സെമിയില്‍ തായ്‌ലന്‍ഡിന് എതിരെ ഇറങ്ങിയ ഇലവനില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഫൈനലില്‍ ഇറങ്ങിയത്. രാധാ യാദവിന് പകരം ദയാലന്‍ ഹേമലത പ്ലേയിംഗ് ഇലവനിലേക്ക് എത്തി. എന്നാല്‍ ശ്രീലങ്ക സെമിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച അതേ ഇലവനുമായാണ് ഇറങ്ങിയിരിക്കുന്നത്.

Read more

നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇന്ത്യക്കാണ് ആധിപത്യം കൂടുതല്‍. 17 വട്ടം ഇന്ത്യ ജയം പിടിച്ചപ്പോള്‍ നാല് ജയം മാത്രമാണ് ഇന്ത്യക്കെതിരെ ടി20യില്‍ ശ്രീലങ്കയ്ക്കുള്ളത്. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും ശ്രീലങ്കയെ ഇന്ത്യ വീഴ്ത്തിയിരുന്നു.