ഏഷ്യാ കപ്പ് ഫൈനല്‍; മഴ രണ്ടും കല്‍പ്പിച്ച്, ആരാധകര്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി എസിസി

ഞായറാഴ്ച നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ഫൈനല്‍ പോരിലും ഭീഷണിയായി മഴ. ഞായറാഴ്ച കൊളംബോയില്‍ വൈകിട്ട് മുതല്‍ രാത്രി വരെ മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണ് പ്രവചിച്ചിരിക്കുന്നത്. കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.

ഫൈനലിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടുണ്ട് എന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്ത. ഇതോടെ മഴമൂലം നാളെ മത്സരം മുടങ്ങിയാലും തിങ്കളാഴ്ച മത്സരം നിര്‍ത്തിയ ഇടത്തു നിന്ന് പുനരാരാംഭിക്കും. എന്നാല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചയും കൊളംബോയില്‍ മഴ പെയ്യാനുള്ള സാധ്യത 80 ശതമനമാണെന്നാണ് പ്രവചനം.

ഞായറാഴ്ചയും റിസര്‍വ് ദിനമായ തിങ്കളാഴ്ചയും 20 ഓവര്‍ മത്സരമെങ്കിലും പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഇരു ടീമുകളെയും സംയുക്ത ചാമ്പ്യന്മാരായി പ്രഖ്യാപിക്കും. 2002ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ഇരുടീമും സമാനസാഹചര്യത്തില്‍ കിരീടം പങ്കിട്ടിരുന്നു.

ഫൈനലില്‍ ഇരുടീമും ഏറ്റവും കുറഞ്ഞത് 20 ഓവറുകള്‍ വീതമെങ്കിലും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അതു ഔദ്യോഗിക മത്സരമായി പരിഗണിക്കുകയുള്ളൂ. അതിനു സാധിക്കാതെ വന്നാല്‍ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കും.