Asia Cup 2025: ഇന്ത്യയ്‌ക്കെതിരെ അച്ചടക്ക നടപടിയ്ക്ക് എസിസി?, പക്ഷേ ഒരു പ്രശ്നമുണ്ട്

ദുബായിൽ ഞായറാഴ്ച ഇന്ത്യ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ആധിപത്യം തുടർന്നു പക്ഷേ, മത്സരശേഷം പതിവ് ഹസ്തദാനം ഇന്ത്യ നടത്താത്തത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഇതിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ഇന്ത്യയ്ക്കെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടുവന്നേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മത്സരശേഷം, സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കളിക്കാർ എതിർ ടീമിനെ അഭിവാദ്യം ചെയ്യാതെ നേരെ മൈതാനം വിട്ടു. പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകൾക്ക് സൂര്യകുമാർ വൻ വിജയം സമർപ്പിച്ചപ്പോൾ, പാകിസ്ഥാൻ ക്യാമ്പ് അതിനെ നിസ്സാരമായി കണ്ടു. തന്റെ കളിക്കാർ മൈതാനത്ത് കാത്തിരിക്കുകയായിരുന്നുവെന്ന് കോച്ച് മൈക്ക് ഹെസ്സൻ പറഞ്ഞു. അതേസമയം ക്യാപ്റ്റൻ സൽമാൻ അലി ആഘ പ്രതിഷേധസൂചകമായി പ്രസന്റേഷനിൽ പങ്കെടുത്തില്ല.

തിങ്കളാഴ്ച, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) ഔദ്യോഗിക പരാതി നൽകി. ഇന്ത്യൻ താരങ്ങൾ അനാദരവ് കാണിച്ചതായും ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം ചെയ്യരുതെന്നു തങ്ങളോടു ആവശ്യപ്പെട്ടത് മാച്ച് റഫറിയാണെന്നും പിസിബി പരാതിയിൽ പറയുന്നു. ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പൈക്രോഫ്റ്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ഒരു പടി കൂടി മുന്നോട്ട് പോയി. എന്നിരുന്നാലും, പിസിബിയുടെ അപേക്ഷ ഐസിസി നിരസിച്ചതായി തോന്നുന്നു.

Read more

അതേസമയം, ഐസിസിയും എസിസിയും വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, ഇന്ത്യൻ ടീമിനെതിരെ “സാധ്യമായ അച്ചടക്ക നടപടി” പരിഗണിക്കുന്നുണ്ടെന്നുമാണ് ക്രിക്കറ്റ് പാകിസ്ഥാനിലെ ഒരു റിപ്പോർട്ട് അവകാശപ്പെട്ടത്. ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പിഴയോ മുന്നറിയിപ്പോ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നിരുന്നാലും, മത്സരത്തിന് ശേഷം ഇരുടീമും ഹസ്താനും നടത്തണമെന്ന് ഐസിസിക്ക് കീഴിൽ ഒരു രേഖാമൂലമുള്ള നിയമവുമില്ല. അതിനാൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വലിയ ഭൂരാഷ്ട്രീയ സംഘർഷങ്ങൾ കണക്കിലെടുക്കുമ്പോൾ, ഐസിസി അല്ലെങ്കിൽ എസിസി കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നത് കരുതുന്നില്ല.