ഏഷ്യാ കപ്പ് 2023: ബി.സി.സി.ഐയ്ക്ക് മേല്‍ പറക്കാനാകാതെ പി.സി.ബി, പാകിസ്ഥാന്‍ ടീം തന്നെ പുറത്തേയ്ക്ക്

ബിസിസിഐയും പിസിബിയും തമ്മില്‍ തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ 2023 ലെ ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയായിരിക്കും പുതിയ വേദി. തീരുമാനം ഇതുവരെ അന്തിമമായിട്ടില്ല. ഈ മാസം അവസാനത്തോടെ ഔദ്യോഗിക തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ നിന്ന് മാറ്റാനുള്ള നീക്കത്തില്‍ ശ്രീലങ്കയും ബംഗ്ലാദേശും ബിസിസിഐക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടി നേരിട്ടത്. വിഷയത്തില്‍ പാകിസ്ഥാന്റെ നിലപാടിനെക്കുറിച്ച് ഇപ്പോള്‍ വ്യക്തതയില്ല. പാകിസ്ഥാനില്‍നിന്ന് ഏഷ്യാ കപ്പ് മാറ്റിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പിസിബി നേരത്തെ അറിയിച്ചിരുന്നു. ഇത് സത്യമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

ടൂര്‍ണമെന്റ് കളിക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാലും ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതോടെ പ്രശ്നങ്ങള്‍ ഉയര്‍ന്നു.

ഏറെ നാളത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇന്ത്യ ഒരു നിഷ്പക്ഷ വേദിയില്‍ ടൂര്‍ണമെന്റ് കളിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി പിസിബി ഒരു ഹൈബ്രിഡ് സംവിധാനം നിര്‍ദ്ദേശിച്ചു. ഇന്ത്യയുടെ മത്സരങ്ങള്‍ ഒരു നിഷ്പക്ഷ വേദിയില്‍, അതായത് ദുബായില്‍ നടത്താനാണ് നിര്‍ദ്ദേശിച്ചത്.
ഇന്ത്യയും ശ്രീലങ്കയും ടൂര്‍ണമെന്റ് ആതിഥേയരായ 2018, 2022 പതിപ്പുകള്‍ ഈ മൂന്ന് വേദികളിലായിട്ടായിരുന്നു നടന്നത്. സെപ്തംബറിലാണ് ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്.