ഏഷ്യാകപ്പ് 2023: പാകിസ്ഥാന്റെ സ്വപ്‌നങ്ങള്‍ പൊലിയുന്നു, പണികൊടുത്ത് ശ്രീലങ്കയും ബംഗ്ലാദേശും

ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ നിന്ന് മാറ്റാന്‍ ശ്രീലങ്കയും ബംഗ്ലാദേശും ബിസിസിഐയെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ട്. ആതിഥേയാവകാശം പാകിസ്ഥാനില്‍ നിന്ന് എടുത്തുകളഞ്ഞാല്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ പോലും ഇരു രാജ്യങ്ങളും തയ്യാറാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പാകിസ്ഥാനില്‍ ടൂര്‍ണമെന്റ് നടന്നില്ലെങ്കില്‍ ഏഷ്യാ കപ്പ് കളിക്കില്ലെന്ന നിലപാടിയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). എന്നിരുന്നാലും ഇന്ത്യയുടെ മത്സരങ്ങള്‍ പുറത്തുവച്ച് നടത്തുന്ന ഹൈബ്രിഡ് മോഡലില്‍ ഏഷ്യാ കപ്പ് നടത്താം എന്നും പിസിബി സമ്മതിക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണമായി വേദി മാറ്റുന്നതിനോട് പിസിബിയ്ക്ക് യോജിപ്പില്ല.

അതനുസരിച്ച് പാകിസ്ഥാന്‍ അവരുടെ മണ്ണില്‍ അവരുടെ മത്സരങ്ങള്‍ കളിക്കുന്നു, അതേസമയം ഇന്ത്യ അവരുടെ മത്സരങ്ങള്‍ ഒരു ന്യൂട്രല്‍ വേദിയില്‍ കളിക്കുന്നു. മിക്കവാറും ദുബായ് ആയിരിക്കും ഇന്ത്യയുടെ മത്സരങ്ങളുടെ വേദി.

യുഎഇയിലെ ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലേക്ക് മുഴുവന്‍ ടൂര്‍ണമെന്റും മാറ്റണമെന്ന ഉദ്ദേശ്യമാണ് ബിസിസിഐയ്ക്കുള്ളത്.
ഇന്ത്യയും ശ്രീലങ്കയും ടൂര്‍ണമെന്റ് ആതിഥേയരായ 2018, 2022 പതിപ്പുകള്‍ ഈ മൂന്ന് വേദികളിലായിട്ടായിരുന്നു നടന്നത്. സെപ്തംബറിലാണ് ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്.