'അതിശയിപ്പിക്കുന്ന ടെസ്റ്റ് മത്സരം'; ഇന്ത്യയെ കുത്തി അശ്വിന്‍റെ പ്രശംസ

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വെസ്റ്റിന്‍ഡീസിന്റെ ഐതിഹാസിക വിജയത്തെ പ്രശംസിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസ് പാകിസ്ഥാനെ ഒരു വിക്കറ്റിനാണ് തോല്‍പ്പിച്ചത്.

‘നന്നായിരിക്കുന്നു, പാകിസ്ഥാന്റെ നിര്‍ഭാഗ്യം. ഇതൊരു അതിശയിപ്പിക്കുന്ന ടെസ്റ്റ് മത്സരമായിരുന്നു.’ അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരിങ്ങലില്‍ നില്‍ക്കുമ്പോഴാണ് അശ്വിന്റെ വിന്‍ഡീസ് പ്രശംസയെന്നാണ് ശ്രദ്ധേയം. പേസിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ ഇതുവരെ മികച്ച ഫോമിലായിരുന്നിട്ടും അശ്വിനെ പരിഗണിച്ചിട്ടില്ല.

168 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിന്‍ഡീസിന്, അവസാന വിക്കറ്റില്‍ കെമര്‍ റോച്ചും ജെയ്ഡന്‍ സീല്‍സും നടത്തിയ ചെറുത്തുനില്‍പ്പാണ് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഒരു വിക്കറ്റ് വിജയത്തോടെ പരമ്പരയില്‍ വിന്‍ഡീസ് 1-0ന് ലീഡും നേടി. സ്‌കോര്‍: പാക്കിസ്ഥാന്‍ 217 & 203, വെസ്റ്റിന്‍ഡീസ് 253, 168/9

രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ജെര്‍മെയ്ന്‍ ബ്ലാക്വുഡാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 78 പന്തുകള്‍ നേരിട്ട ബ്ലാക്വുഡ് 55 റണ്‍സുമായി പുറത്താകാതെ നിന്നു. കെമര്‍ റോച്ച് 30* റണ്‍സെടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം സഹിതം മത്സരത്തിലാകെ എട്ടു വിക്കറ്റ് വീഴ്ത്തിയ ജെയ്ഡന്‍ സീല്‍സാണ് കളിയിലെ കേമന്‍.