ഐ.പി.എല്ലിനിടെ വാതുവെപ്പുകാരന്‍ സമീപിച്ചു, ടീമിലെ വിവരങ്ങള്‍ തേടി; ആര്‍.സി.ബി സൂപ്പര്‍ താരം ബി.സി.സി.ഐയെ സമീപിച്ചു

ഐപിഎല്ലിനിടെ വാതുവെപ്പുകാരന്‍ എന്ന് സംശയിക്കുന്ന ഒരാള്‍ തന്നെ സമീപിച്ചതായി റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം മുഹമ്മദ് സിറാജ്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിലെ വിവരങ്ങള്‍ തേടിയാണ് തന്നെ ഒരാള്‍ ബന്ധപ്പെട്ടതെന്ന് സിറാജ് പറഞ്ഞു. ബിസിസിഐ അഴിമതിവിരുദ്ധ വിഭാഗത്തെ താരം ഇക്കാര്യം അറിയിച്ചു.

അവസാന മത്സരത്തില്‍ ബാംഗ്ലൂര്‍ തോറ്റ ശേഷം തനിക്ക് ഒരുപാട് പണം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ഒരാള്‍ ടീമിലെ വിവരം തേടി സിറാജിനെ സമീപിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആര്‍സിബി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് എട്ട് റണ്‍സിന് പരാജയപ്പെട്ടിരുന്നു.

ഹൈദരാബാദ് സ്വദേശിയായ ഒരു ഡ്രൈവറാണ് സിറാജിനെ സമീപിച്ചതെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ വാതുവെപ്പുകാരനാണോ എന്നതില്‍ വ്യക്തതയില്ല. എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ ഇയാളെ പിടികൂടിയതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

Read more

വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെ ഓണ്‍ലൈന്‍ വാതുവെപ്പ് നടത്തിയതിന് അഞ്ച് പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതിരുന്നു.