അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായി, കിരീട വിജയത്തെ കുറിച്ച് മോര്‍ഗണ്‍

ലോക കപ്പ് ഫൈനലില്‍ വിജയിക്കാന്‍ അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായതായി ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗണ്‍. ഇംഗ്ലണ്ടിന്റെ ലോക കപ്പ് ജയത്തിന് ഐറിഷ് ഭാഗ്യം തുണയായോ എന്ന ചോദ്യത്തിനായിരുന്നു മോര്‍ഗന്റെ വ്യത്യസ്ത മറുപടി. അല്ലാഹുവും ഐറിഷ് ഭാഗ്യവും ഞങ്ങള്‍ക്കൊപ്പമുണ്ടായതായി മോര്‍ഗണ്‍ പറയുന്നു.

“ഞാന്‍ ആദില്‍ റാഷിദിനോട് സംസാരിച്ചു. നമുക്കൊപ്പം അള്ളാഹു ഉറപ്പായുമുണ്ടാവും എന്നാണ് റാഷിദ് പറഞ്ഞത്. വ്യത്യസ്ത സംസ്‌കാരത്തില്‍ നിന്നും പശ്ചാത്തലത്തില്‍ നിന്നുമാണ് ടീം അംഗങ്ങളില്‍ പലരും വരുന്നത്. പല രാജ്യങ്ങളില്‍ വളര്‍ന്നവരുണ്ട്. അങ്ങനെയൊരു ടീമിനെ ലഭിച്ചത് ഭാഗ്യമാണെന്ന് ഞാന്‍ ടീം അംഗങ്ങളോട് പറഞ്ഞു. ഞങ്ങളുടെ ടീമിന്റെ ആകെ തുകയതാണ്” മോര്‍ഗന്‍ പറയുന്നു.

ഇംഗ്ലണ്ടിന് പുറമെ വിവിധ രാജ്യങ്ങളിലെ ആറ് കളിക്കാരാണ് 15 അംഗ ഇംഗ്ലീഷ് ലോക കപ്പ് ടീമില്‍ ഉണ്ടായത്. ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍ അയര്‍ലണ്ട് സ്വദേശിയാണ്. അയര്‍ലണ്ടിന് വേണ്ടി 2007- ലെ ഏകദിനം കളിച്ചിട്ടുള്ള മോര്‍ഗന്‍ 2009- ലാണ് ഇംഗ്ലണ്ട് ടീം അംഗമാകുന്നത്. ഓപ്പണര്‍ ജേസന്‍ റോയ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയാണ്. പത്താം വയസിലാണ് മാതാപിതാക്കള്‍ക്കൊപ്പം ജേസന്‍ റോയ് ഇംഗ്ലണ്ടിലേക്ക് എത്തുന്നത്.

പേസര്‍ ടോം കറണ്‍ ആണ് ടീമിലെ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ വംശജന്‍. ടോമിന്റെ പിതാവ് കെവിന്‍ കറണ്‍ സിംബാബ് വെ ക്രിക്കറ്റ് ടീം അംഗമായിരുന്നു. ടോം കറണിന്റ സഹോദരന്‍ സാം കറണും ഇംഗ്ലണ്ട് താരമാണ്. പാകിസ്ഥാന്‍ വംശജനാണ് സ്പിന്നര്‍ ആദില്‍ റഷീദ്. പാക് അധീന കാശ്മിര്‍ സ്വദേശികളായ മാതാപിതാക്കള്‍ 1967 ലാണ് ഇംഗ്ലണ്ടിലെത്തിയത്. ഇംഗ്ലണ്ട് ടീമിലെത്തിയ ആദ്യ പാക് വംശജനാണ് ആദില്‍ റഷീദ്. പാക് വംശജനാണ് ഓള്‍ റൌണ്ടര്‍ മോയീന്‍ അലി. പാക് അധീന കശ്മീര്‍ സ്വദേശികളാണ് അലിയുടെ പൂര്‍വികര്‍.

വെസ്റ്റിന്‍ഡീസ് പ്രതിനിധിയാണ് പേസ് ബൌളര്‍ ജോഫ്ര ആര്‍ച്ചര്‍. വെസ്റ്റിന്‍ഡീസ് അണ്ടര്‍ 19 ടീമിനു വേണ്ടി കളിച്ചിട്ടുമുണ്ട്. ആര്‍ച്ചറുടെ പിതാവ് ഇംഗ്ലണ്ട് പൗരനാണ്. ഫൈനലിലെ എതിരാളികളായ ന്യൂസിലാന്‍ഡില്‍ നിന്നുള്ള താരമാണ് ഓള്‍ റൌണ്ടര്‍ ബെന്‍ സ്റ്റോക്സ്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ജനിച്ച ബെന്‍ സ്റ്റോക്സ് 13 വയസിലാണ് ഇംഗ്ലണ്ടിലെത്തിയത്.