നാലു റണ്‍സിന് ഓള്‍ഔട്ട്, ‘സംപൂജ്യരാ’യി 11 പേരും, നാണംകെട്ട് വനിതാ ടീം

കേരള ക്രിക്കറ്റിന് കറുത്ത ദിനം സമ്മാനിച്ച് കാസര്‍ഗോഡ്  അണ്ടര്‍ 19 ടീം. വയനാടിനെതിരായ ഇന്റര്‍ ഡിസ്ട്രിക്ട് വനിതാ അണ്ടര്‍ 19 ക്രിക്കറ്റ് മത്സരത്തില്‍ വെറും നാലു റണ്‍സിന് പുറത്തായാണ് കാസര്‍ഗോഡ് വനിത ടീം വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കാസര്‍ഗോഡ് വനിതാ ടീം നാണംകെട്ട് പുറത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ വയനാട്  ആദ്യ ഓവറില്‍ത്തന്നെ മത്സരം 10 വിക്കറ്റിന് ജയിച്ചു.

അതെസമയം കാസര്‍ഗോഡ് ടീമില്‍ ആര്‍ക്കും അക്കൌണ്ട് തുറക്കാനായില്ല എന്നതാണ് ഏറെ രസകരം. കാസര്‍ഗോഡിനായി ബാറ്റിംഗിനിറങ്ങിയ 10 പേരും പൂജ്യത്തിന് പുറത്തായപ്പോള്‍ മറ്റൊരു താരം റണ്‍സൊന്നും എടുക്കാതെ പുറത്താകാതെ നിന്നു. വയനാട് എറിഞ്ഞ നാല് എക്ട്രാ റണ്ണുകളാണ് കാസര്‍ഗോഡിനെ അക്കൌണ്ട് തുറക്കാന്‍ സഹായിച്ചത്.

ആദ്യ രണ്ട് ഓവറുകളില്‍ വിക്കറ്റ് പോകാതെ അവര്‍ പിടിച്ചു നിന്നെങ്കിലും മൂന്നാംഓവര്‍ തൊട്ട് കളി മാറി മറിയുകയായിരുന്നു. കാസര്‍ഗോഡ് താരങ്ങളെല്ലാം പുറത്തായത് കുറ്റി തെറിച്ചാണ് എന്നതും മറ്റൊരു അപൂര്‍വ്വ പ്രതിഭാസമായി.