ഉത്തേജകം, ഇംഗ്ലീഷ് സൂപ്പര്‍ താരത്തിന് വിലക്ക്

ലണ്ടന്‍: ഏകദിന ലോകകപ്പിന് തൊട്ടുമുന്‍പ് ഇംഗ്ലീഷ് ടീമിനെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഒട്ടും ആശ്വാസകരമല്ല. ഏറ്റവും ഒടുവില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ അലക്സ് ഹെയ്ല്‍സിന് വിലക്ക് ലഭിച്ചു എന്നതാണ് അത്. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് 21 ദിവസത്തേക്ക് താരത്തെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരിക്കുന്നത്.

ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക ടീമില്‍ ഇടംപിടിച്ച താരം രണ്ടാം തവണയും ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. വിലക്കിനൊപ്പം വാര്‍ഷിക പ്രതിഫലത്തിന്റെ അഞ്ച് ശതമാനം പിഴയും ഒടുക്കണം.

എന്നാല്‍ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് താരത്തിന് ടീമിനൊപ്പം ചേരാനാകും. ഇംഗ്ലീഷ് സഹതാരം ബെന്‍ സ്റ്റോക്സിനൊപ്പം തല്ലുണ്ടാക്കി കുപ്രസിദ്ധി നേടിയ താരമാണ് ഹെയ്ല്‍സ്. സംഭവത്തില്‍ താരത്തിന് അന്ന് വിലക്ക് ലഭിച്ചിരുന്നു. ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നോട്ടിങ്ഹാംഷെയറിന്റെ മത്സരത്തില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ അലക്സ് പിന്‍മാറിയിട്ടുണ്ട്.

നേരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട രണ്ട് പ്രധാന ഇംഗ്ലീഷ് താരങ്ങള്‍ക്ക് പരിക്കേറ്റ കാര്യവും പുറത്ത് വന്നിരുന്നു. ഓപ്പണര്‍ ജാസന്‍ റോയ്ക്കും ജോ ഡെന്‍ലിക്കുമാണ് പരിക്കേറ്റത്. ലോക കപ്പ് ഫേവറേറ്റുകളായ ഇംഗ്ലണ്ടിന്റെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് റോയ്.