കേരളം പണി കൊടുത്തു, ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താനുള്ള രഹാനെയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

ടീം ഇന്ത്യയിലേക്ക് മറ്റൊരു തിരിച്ചുവരവ് നടത്താനുള്ള അജിങ്ക്യ രഹാനെയുടെ പ്രതീക്ഷകള്‍ മങ്ങുന്നു. 2024ലെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കുവേണ്ടി താരം ഫ്‌ലോപ്പ് ഷോ തുടരുകയാണ്. തുടര്‍ച്ചയായി രണ്ട് ഗോള്‍ഡന്‍ ഡക്കുകള്‍ രജിസ്റ്റര്‍ ചെയ്താണ് താരം റെഡാറില്‍നിന്ന് അകലുന്നത്.

ആന്ധ്രയ്ക്കെതിരെ മുംബൈ 10 വിക്കറ്റിന് ജയിച്ചെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡി രഹാനെയെ ആദ്യ ഇന്നിംഗ്സില്‍ ആദ്യ പന്തില്‍ പുറത്താക്കിയിരുന്നു. എല്‍ബിഡബ്ല്യു ആയിട്ടായിരുന്നു താരത്തിന്റെ പുറത്താകല്‍.

മുംബൈയും കേരളവും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലും രഹാനെ വീണ്ടും അക്കൗണ്ട് തുറക്കുന്നതില്‍ പരാജയപ്പെട്ടു. മത്സരത്തില്‍ നേരിട്ട ആദ്യ ബോളില്‍ തന്നെ രഹാനെയെ ബേസില്‍ തമ്പി കീപ്പര്‍ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് 35 കാരനായ താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. തുടര്‍ച്ചയായ മോശം സ്‌കോറുകള്‍ക്ക് ശേഷം അദ്ദേഹത്തെ ഇന്ത്യ പുറത്താക്കി, ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് താരത്തെ പരിഗണിച്ചില്ല.

സന്ദര്‍ശകരായ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട്-ടെസ്റ്റുകളില്‍ അദ്ദേഹം ഇടം കണ്ടെത്തിയില്ല. 85 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച രഹാനെ രാജ്യത്തിനായി 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നെന്ന് അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.