'എന്നെ അടിച്ചു പറത്തിയത് ഇന്നും ഓര്‍ക്കുന്നു', ഇന്ത്യന്‍ ഇതിഹാസത്തെ നേരിട്ടപ്പോഴുള്ള അനുഭവം പങ്കുവെച്ച് അജാസ്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റ് നേട്ടത്തോടെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍. അജാസിനെ അഭിനന്ദിച്ചവരുടെ കൂട്ടത്തില്‍ ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍ വീരേന്ദര്‍ സെവാഗുമുണ്ട്. വീരുവിന്റെ അഭിനന്ദനത്തിന് അജാസ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

അജാസ് പട്ടേല്‍, മുംബൈയില്‍ ജനിച്ചു.. മുംബൈയില്‍ ചരിത്രം സൃഷ്ടിച്ചു. മഹത്തായ നേട്ടത്തിന് അഭിനന്ദനങ്ങള്‍- എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. നന്ദി വീരേന്ദര്‍ സെവാഗ്. നെറ്റ് ബോളറായി എത്തിയപ്പോള്‍ ഈഡന്‍ പാര്‍ക്ക് സ്റ്റേഡിയത്തിന് പുറത്തക്ക് എന്നെ അടിച്ചു പറത്തിയ രസകരമായ കഥ ഞാന്‍ ഇന്നും ഓര്‍ക്കുന്നുവെന്നതായിരുന്നു സെവാഗിന് അജാസ് നല്‍കിയ മറുപടി.

2008-09 സീസണിലെ ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിനിടെയാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. അക്കുറി ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ഇന്ത്യയാണ് സ്വന്തമാക്കിയത്. 2014ലെ ന്യൂസിലന്‍ഡ് പര്യടനം ആയപ്പോഴേക്കും സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.