വിമാന യാത്രാ അനുമതി വേണം; ഇംഗ്ലണ്ടില്‍ കുടുങ്ങി ഇന്ത്യന്‍ ത്രയം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കിടെ കോവിഡ് ബാധിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിക്കും അദ്ദേഹവുമായി അടുത്തിടപഴകിയ ബോളിംഗ് കോച്ച് ഭരത് അരുണിനും ഫീല്‍ഡിംഗ് കോച്ച് ആര്‍. ശ്രീധറിനും ഇന്ത്യയിലേക്ക് മടങ്ങാന്‍ അല്‍പ്പം കാത്തിരിക്കണം. ആര്‍ടി-പിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായാലും വിമാനയാത്രക്ക് അനുമതി ലഭിക്കാന്‍ മൂവരും കൂടുതല്‍ ആരോഗ്യ പരിശോധനകളെ മറികടക്കേണ്ടിവരും.

ബ്രിട്ടനിലെ കോവിഡ് മാനദണ്ഡ പ്രകാരം പത്തു ദിവസത്തെ ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയാക്കി ആര്‍ടി-പിസിആര്‍ പരിശോധനയില്‍ നെഗറ്റീവായാലും വിമാനയാത്രാനുമതി ലഭിക്കില്ല. സിടി സ്‌കാന്‍ നടത്തി വൈറല്‍ ഇന്‍ഫെക്ഷന്റെ തോത് എത്രയെന്ന് കണ്ടെത്തിയശേഷം മാത്രമേ യാത്രക്ക് അനുവദിക്കൂ. 38 പ്ലസാണ് യുകെ ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സിടി സ്‌കോര്‍.

ശാസ്ത്രിയും ഭരത് അരുണും ശ്രീധറും ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ക്ക് പറക്കല്‍ അനുമതി ലഭിക്കാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും. ശാസ്ത്രിക്കും അസിസ്റ്റന്റ് ഫിസിയോക്കും കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കേണ്ടിവന്നത്. ശാസ്ത്രിയുമായി അടുത്ത് ഇടപഴകിയത് ഭരത് അരുണിനും ശ്രീധറിനും വിനയാകുകയും ചെയ്തു.