'തോന്നിയ സ്ഥലത്താണ് ചികിത്സയ്ക്ക് പോകുന്നത്, അവനെ ഇനിയും എന്തിന് ചുമക്കുന്നു'; ഇന്ത്യന്‍ ടീമിനെതിരെ തുറന്നടിച്ച് മുന്‍ സെലക്ടര്‍

ട്വന്റി20 ലോക കപ്പ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തുന്നതിനെതിരെ മുന്‍ താരവും സെലക്ടറുമായിരുന്ന ശരണ്‍ദീപ് ശര്‍മ്മ രംഗത്തെത്തി. ഹാര്‍ദിക്കിന്റെ കായികക്ഷമതയുടെ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ഒളിച്ചുകളിക്കുകയാണെന്ന് ശരണ്‍ദീപ് ശര്‍മ്മ ആരോപിച്ചു.

ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ കുറിച്ച് ഏതാനും നാളുകളായി ചര്‍ച്ച ചെയ്യുന്നു. എന്തുകൊണ്ടാണ് സെലക്ഷന്‍ കമ്മിറ്റിയോട് അതു ചോദിക്കാത്തത്. ഞാനൊക്കെ സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്ന കാലത്ത് ഒരു താരത്തിന്റെ കായികക്ഷമത അടക്കമുള്ള കാര്യങ്ങളില്‍ എല്ലാം തുറന്നുപറയുമായിരുന്നു. അതുപോലെ എന്താണ് ചെയ്യാത്തത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ ഒരു തവണ മാത്രമേ മാധ്യമങ്ങളെ കണ്ടിട്ടുള്ളൂ. വിചിത്രമായ എന്തൊക്കയോ പറഞ്ഞിട്ട് അദ്ദേഹം നടന്നുപോയി- ശരണ്‍ദീപ് സിംഗ് പറഞ്ഞു.

ഹാര്‍ദിക് പൂര്‍ണ ആരോഗ്യവാനാണെന്നും ലോക കപ്പില്‍ പന്തെറിയുമെന്നാണ് സെലക്ഷന്‍ കമ്മിറ്റി തലവന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഹാര്‍ദിക്കിന് എന്ത് ഫിറ്റ്‌നസാണ് ഉള്ളതെന്ന് ചോദിക്കണം. ഹാര്‍ദിക്കിന് പരിക്കുണ്ടോ. താരം പന്തെറിയുമോ?, എന്നൊക്കെ ചേതന്‍ ശര്‍മ്മ തുറന്നു പറയണം.

ഹാര്‍ദിക്കിന്റെ പരിക്ക് ഗുരുതരമാണെന്നാണ് തോന്നുന്നത്. ചികിത്സയ്ക്കായി അയാള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുന്നില്ല. മുംബൈ ഇന്ത്യന്‍സിന്റെ മെഡിക്കല്‍ സ്റ്റാഫാണ് ചികിത്സിക്കുന്നത്. അതുകൊണ്ട് ഹാര്‍ദിക്കിന്റെ കായിക ക്ഷമതയെക്കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ല. ആര്‍ക്കും ഒന്നും പറയാനും സാധിക്കുന്നില്ല. രോഹിത് ശര്‍മ്മയ്ക്കുപോലും അതേക്കുറിച്ച് ഒരു ധാരണയുമില്ല. അതാണ് വാര്‍ത്ത സമ്മേളനങ്ങളില്‍ രോഹിത് മിണ്ടാതിരിക്കുന്നതെന്നും ശരണ്‍ദീപ് പറഞ്ഞു.