'അങ്ങനെ പറയുന്നത് അപകടകരം'; റൂട്ടിനെ കുത്തി ഇംഗ്ലീഷ് പേസര്‍

ആഷസ് മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തകര്‍ച്ചയില്‍ എന്തെങ്കിലും പറഞ്ഞാല്‍ അപകടമാണെന്ന് സ്റ്റാര്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍. എന്നാല്‍ 12 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് നിരാശപ്പെടുത്തുന്ന കാര്യമാണെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ബോളര്‍മാര്‍ അല്‍പ്പംകൂടി ധൈര്യം കാട്ടണമെന്ന ക്യാപ്റ്റന്‍ ജോ റൂട്ടിനുള്ള വിമര്‍ശനമായി ആന്‍ഡേഴ്‌സന്റെ മറുപടിയെ വിലയിരുത്താം.

ന്യൂ ബോളില്‍ അവസാന പന്ത്രണ്ട് ഓവറുകള്‍ പ്രയാസകരമാണെന്ന് അറിയാം. എങ്കിലും നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുന്നത് നിരാശാജനകമാണ്. പക്ഷേ, ഒരു ബോളറെന്ന നിലയില്‍ അതു പറയുന്നത് അപകടകരമാണ്. നമ്മള്‍ ഒരു ടീമാണ്. എല്ലാ ശരിയാക്കാന്‍ ബാറ്റിംഗ് നിര എത്രത്തോളം കഷ്ടപ്പെടുന്നെന്ന് എനിക്കറിയാം. ബോളര്‍മാരും ബാറ്റര്‍മാരും തമ്മിലുള്ള ഏറ്റുമുട്ടലിന് താല്‍പര്യമില്ല- ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

കുറച്ചകൂടി മികച്ച പ്രകടത്തിന് കഠിനമായി യത്‌നിക്കുന്നു. ആദ്യ രണ്ടു ടെസ്റ്റുകളില്‍ നമ്മള്‍ നന്നായി ബോള്‍ ചെയ്തില്ല. പക്ഷേ, ഇത്തവണ അല്‍പ്പംകൂടി മികച്ച പ്രകടനം നടത്തി. ഇത് കടുത്ത പര്യടനമാണ്. മികച്ച ഫലങ്ങള്‍ എല്ലാവരും ഇഷ്ടപ്പെടുന്നതായും അതു സംഭവിച്ചേക്കാമെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.