'അയ്യര്‍ റണ്ണൊഴുക്കുമ്പോള്‍ ആരും ഒരാളെ ശ്രദ്ധിക്കുന്നില്ല'. യുവ താരത്തെ പിന്തുണച്ച് ദീപ്ദാസ്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിനുവേണ്ടി പുതു സെന്‍സേഷന്‍ വെങ്കടേഷ് അയ്യര്‍ റണ്ണൊഴുക്കുമ്പോള്‍, ശുഭ്മാന്‍ ഗില്ലിനെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ്ഗുപ്ത. കൊല്‍ക്കത്തയുടെ മധ്യനിര പരാജയമാണെന്നും ദാസ്ഗുപ്ത പറഞ്ഞു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ ഭയരഹിതമായ സമീപനം ദര്‍ശിക്കാനായില്ല. ആദ്യമായി വെങ്കടേഷ് അയ്യര്‍ റണ്‍സ് കണ്ടെത്താത്തതാവാം അതിനു കാരണം. വെങ്കടേഷ് റണ്‍സ് അടിക്കുമ്പോള്‍ ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ് ആരും ശ്രദ്ധിക്കില്ല. പിച്ചിന്റെ സ്വഭാവമാവാം ഗില്‍ അടങ്ങിനില്‍ക്കാനുള്ള മറ്റൊരു കാരണം. വലിയ സ്‌കോര്‍ അല്ല പിന്തുടരുന്നതെന്ന ചിന്തയും ഗില്ലിന്റെ കളിയെ സ്വാധീനിച്ചിട്ടുണ്ടാവാം- ദീപ് ദാസ്ഗുപത പറഞ്ഞു.

കെ.കെ.ആറിന്റെ മധ്യനിര പാളിപ്പോയി. നായകന്‍ ഇയോണ്‍ മോര്‍ഗന്റെ കളി വിശ്വസനീയമല്ല. എന്നാല്‍ ഷാക്കിബ് അല്‍ ഹസന്റെ സാന്നിധ്യം കൊല്‍ക്കത്ത ടീമിനെ കൂടുതല്‍ സംതുലിതമാക്കുന്നു. പ്രത്യേകിച്ച് ആന്ദ്രെ റസലിന്റെ അഭാവത്തില്‍- ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.