'അവന് മസില്‍ പവര്‍ ഇല്ല', ഇന്ത്യന്‍ സൂപ്പര്‍ താരത്തെ കടന്നാക്രമിച്ച് ബട്ട്

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റില്‍ പോലും നിലനില്‍ക്കാന്‍ കഴിയില്ലെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ആരോഗ്യം വര്‍ദ്ധിപ്പിച്ചാലെ ഹാര്‍ദിക്കിന് രക്ഷയുള്ളൂവെന്നും ബട്ട് പറഞ്ഞു.

ഹാര്‍ദിക്കിന്റെ ശരീരം ദുര്‍ബലമാണ്. ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റില്‍ പോലും അയാള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. പരിശീലനത്തിലൂടെ ഹാര്‍ദിക് പേശിബലം കൂട്ടേണ്ടതുണ്ട്. ഭക്ഷണവും ക്രമത്തിലാക്കണം. നാല് ഓവറുകള്‍ എറിയാന്‍ ഹാര്‍ദിക് കഠിനപ്രയത്‌നം നടത്തണമെന്നാണ് അടുത്തിടെ രവി ശാസ്ത്രി പറഞ്ഞത്. ഹാര്‍ദിക്കിന് നിലവില്‍ അതിനു കഴിയില്ലെന്നാണ് ശാസ്ത്രിയുടെ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്- ബട്ട് പറഞ്ഞു.

ശാസ്ത്രി- അശ്വിന്‍ പ്രശ്‌നത്തിലും ബട്ട് നിലപാട് വ്യക്തമാക്കി. ടീമിന് പുറത്തുള്ളയാള്‍ വിമര്‍ശിച്ചാല്‍ ഒരു കളിക്കാരന് വേദനിക്കില്ല. എന്നാല്‍ ടീമിന്റെ ഭാഗമായ ആള്‍ കുറ്റംപറഞ്ഞാല്‍ നോവും. ഏറ്റവും നന്നായി ശ്രമിച്ചിട്ടും മികച്ച പ്രകടനം നടത്താനായില്ലെങ്കില്‍ കുറച്ചു വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കേണ്ടി വരും. പുറത്തുനിന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ നിങ്ങള്‍ കാര്യമാക്കില്ല. ഒപ്പമുള്ള ആരെങ്കിലും വിമര്‍ശനം ഉന്നയിച്ചാല്‍ അങ്ങനെയല്ല തോന്നുക. അശ്വിന് അതാണ് സംഭവിച്ചതെന്നും ബട്ട് കൂട്ടിച്ചേര്‍ത്തു.