'ബോളര്‍മാരെ മാത്രം കുറ്റം പറയേണ്ട', റൂട്ടിനെ തള്ളി സ്റ്റാര്‍ പേസര്‍

ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ബോളര്‍മാരുടെ തലയില്‍മാത്രം കെട്ടിവയ്‌ക്കേണ്ടെന്ന് സ്റ്റാര്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍. അഡ്‌ലെയ്ഡിലെ ഫ്‌ളാറ്റ് പിച്ചില്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ ദൗത്യം നിര്‍വ്വഹിച്ചില്ലെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ക്യാപ്റ്റന്‍ ജോ റൂട്ട് ഇംഗ്ലീഷ് ബോളര്‍മാരെ വിമര്‍ശിച്ച സാഹചര്യത്തിലാണ് ആന്‍ഡേഴ്‌സന്റെ പ്രതികരണം.

അഡ്‌ലെയ്ഡ്‌നിലെ പോലെ ബാറ്റിംഗിനെ ഏറെ അനുകൂലിക്കുന്ന പിച്ചില്‍ ഇംഗ്ലണ്ട് നന്നായി സ്‌കോര്‍ ചെയ്തില്ല. ഡേ-നൈറ്റ് ടെസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ തരത്തിലാണ് പിങ്ക് ബോള്‍ സ്വാധീനം ചെലുത്തിയത്- ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

കൃത്യമായ ലെങ്തില്‍ ബോളര്‍മാര്‍ പന്തെറിയണമായിരുന്നു. ആദ്യ രണ്ടു ദിനങ്ങളില്‍ അതിനായി നമ്മള്‍ നന്നായി ശ്രമിച്ചു. അല്‍പ്പം കൂടി ഫുള്‍ ലെങ്ത് പന്തുകള്‍ എറിയേണ്ടിയിരുന്നു. എന്നിട്ടും ബോളര്‍മാര്‍ കുറച്ച് അവസരങ്ങള്‍ സൃഷ്ടിച്ചു. അതു മുതലെടുക്കാന്‍ സാധിച്ചില്ലെന്നും ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.