ബാംഗ്ലൂരിന്റെ മോശം പ്രകടനങ്ങൾക്ക് കാരണം 3 താരങ്ങൾ, കാർത്തിക്കിനെ സമ്മർദ്ദത്തിലാക്കുന്നു- ഇമ്രാൻ താഹിർ

ഐ‌പി‌എൽ 2022 ലെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർ‌സി‌ബി) മോശം പ്രകടനങ്ങൾക്ക് കാരണം അവരുടെ ബാറ്റിംഗ് സൂപ്പർ‌സ്റ്റാറുകളുടെ പരാജയമാണെന്ന് ദക്ഷിണാഫ്രിക്കൻ ലെഗ് സ്പിന്നർ ഇമ്രാൻ താഹിർ. വിരാട് കോഹ്‌ലി, ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരുടെ സ്ഥിരതയില്ലാത്ത പ്രകടനങ്ങളാണ് നല്ല രീതിയിൽ സീസൺ ആരംഭിച്ച ടീമിനെ കുഴപ്പിക്കുന്നത് എന്നും താഹിർ പറഞ്ഞു.

മുൻ ക്യാപ്റ്റൻ കോഹ്‌ലിക്ക് 10 മത്സരങ്ങളിൽ നിന്ന് 20.67 ശരാശരിയിലും 116.25 സ്‌ട്രൈക്ക് റേറ്റിലും 186 റൺസ് ആണ് നേടാനായത് . നിലവിലെ ക്യാപ്റ്റൻ ഡു പ്ലെസിസ് രണ്ട് ഉജ്ജ്വല അർധസെഞ്ചുറികൾ നേടിയെങ്കിലും ശേഷിക്കുന്ന മത്സരങ്ങളിലൊന്നും കാര്യമായ സംഭാവന നൽകിയിട്ടില്ല. ഓസീസ് ബാറ്റിംഗ് ഓൾറൗണ്ടർ മാക്‌സ്‌വെല്ലിനെ സംബന്ധിച്ചിടത്തോളം, 178.41 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റ് ഉണ്ടെങ്കിലും ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു ഫിഫ്റ്റി മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

“മൂന്ന് വമ്പൻ താരങ്ങൾ (കോഹ്‌ലി, ഫാഫ്, മാക്‌സ്‌വെൽ) പ്രകടനം നടത്താത്തപ്പോൾ, ടീം ബാക്ക്‌ഫൂട്ടിലായിരിക്കുമെന്ന് വ്യക്തമാണ്. നല്ല സ്കോർ നേടാനും കളിയിൽ ഇമ്പാക്ട് ഉണ്ടാക്കാനും അവർ കുറച്ചുകൂടി സമയം ക്രീസിൽ ചെലവഴിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. മൂവരും വീണ്ടും പരാജയപ്പെട്ടാൽ, ലോവർ ഓർഡറിൽ ബാറ്റിംഗിൽ മികച്ച പ്രകടനം നടത്തുന്ന ദിനേഷ് കാർത്തിക്കിന് മേലെ വലിയ ഉത്തരവാദിത്വം കൂടി ഉണ്ടാകും.”

ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെയാണ് ബാംഗ്ലൂർ നേരിടുന്നത്. രണ്ട് ടീമുകൾക്കും ജയം അതിനിര്ണായകം ആയിരിക്കെ പോരാട്ടം കനക്കുമെന്നുറപ്പാണ്.