കിട്ടിയ പണി സായിപ്പിന്‍റെ തറവാട്ടില്‍ കേറി തിരിച്ച് കൊടുത്തിട്ട് ഇന്നേക്ക് 20 വര്‍ഷം!

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയവും ആവേശോജ്ജ്വലവുമായ നാറ്റ്‌വെസ്റ്റ് ട്രോഫി വിജയത്തിന് 20 വയസ്. 2002ല്‍ ഇതേ ദിവസമാണ് സൗരവ് ഗാംഗുലി നയിച്ച ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി നാറ്റ്‌വെസ്റ്റ് കിരീടം ചൂടിയത്.  ആ വിജയത്തിലൂടെ യുവരാജ് സിംഗും മുഹമ്മദ് കൈഫും ആരാധക ഹൃദയത്തില്‍ എന്നെന്നുക്കുമായി ഇടംനേടിയെടുത്തു. ലോര്‍ഡ്സിലെ ബാല്‍ക്കണയില്‍ ഇരുന്ന ഗാംഗുലി ഷര്‍ട്ടൂരി ചുഴറ്റി വിജയം ആഘോഷിച്ചതും നാറ്റ്‌വെസ്റ്റ് ട്രോഫിയിലെ മറക്കാനാവാത്ത ദൃശ്യങ്ങളിലൊന്നാണ്.

ഇന്ത്യക്കു പുറമെ ഇംഗ്ലണ്ടും ശ്രീലങ്കയും അടങ്ങിയ ത്രിരാഷ്ട്ര ടൂര്‍ണമെന്റായിരുന്നു നാറ്റ്‌വെസ്റ്റ് ട്രോഫി. മികച്ച ഫോമിലുള്ള ഇന്ത്യയോടും ഇംഗ്ലണ്ടിനോടും പിടിച്ചുനില്‍ക്കാനാവാതെ ശ്രീലങ്ക ടൂര്‍ണമെന്റിന് പുറത്തേക്ക് വഴിതേടി. കലാശപ്പോരില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓപ്പണര്‍ മാര്‍ക്വസ് ട്രെസ്‌കോത്തിക്കിന്റെയും (109), ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്റെയും (115) സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ 325/5 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി. വന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നായകന്‍ സൗരവ് ഗാംഗുലിയും (60) വീരേന്ദര്‍ സെവാഗും (45) തകര്‍പ്പന്‍ തുടക്കം നല്‍കി. എന്നാല്‍ ഇരുവരും വീണതോടെ ഇന്ത്യ തകര്‍ച്ചയിലേക്കു പോയി.

മധ്യനിരയില്‍ ദിനേശ് മോംഗിയയും (9) സച്ചിന്‍ ടെണ്ടുല്‍ക്കറും (14), രാഹുല്‍ ദ്രാവിഡും (5) നിറംമങ്ങിയതോടെ ഇന്ത്യ 5ന് 146 എന്ന പരിതാപകരമായ നിലയിലേക്ക് വീണു. ഇംഗ്ലണ്ട് ടീമും ആരാധകരും കിരീടം ഉറപ്പിച്ച മട്ടില്‍ തുള്ളിച്ചാടി. എന്നാല്‍ യുവതുര്‍ക്കികളായ യുവരാജും കൈഫും ക്രീസില്‍ ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ മങ്ങി. ഇരുവരും 121 റണ്‍സിന്റെ സഖ്യം തീര്‍ത്തു.

Read more

69 റണ്‍സുമായി യുവി പാതിവഴിയില്‍ വീണെങ്കിലും കൈഫ് പോരാട്ടം തുടര്‍ന്നു. വാലറ്റത്തെ കൂട്ടുപിടിച്ച കൈഫ് ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയും ചെയ്തു. 87 റണ്‍സുമായി പുറത്താകാതെ നിന്ന കൈഫ് കളിയിലെ കേമനായി. ഇന്ത്യയില്‍ വച്ച് ഏകദിന പരമ്പര സമനിലയിലാക്കിയശേഷം ജഴ്സി ഊരി ആഘോഷിച്ച ആന്‍ഡ്രു ഫ്ളിന്റോഫിനുള്ള മറുപടിയായിരുന്നു ലോര്‍ഡ്സിലെ മഹനീയ ബാല്‍ക്കണയില്‍ ദാദ നടത്തിയ വിജയാഘോഷം.