സഞ്ജു വെടിക്കെട്ട്, കിവീസിന് എതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുളളവര്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചപ്പോള്‍ ന്യൂസിലന്‍ഡ് ഇലവനെതിരെ ഇന്ത്യ എ ടീമിന് തുടര്‍ച്ചയായ മൂന്നാം ജയം. അഞ്ച് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് ഇലവനെ ഇന്ത്യ എ ടീം തകര്‍ത്തത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഇലവന്‍ 48.3 ഓവറില്‍ 230 റണ്‍സിന് പുറത്താകുകയായിരുന്നു. 6.3 ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഖലീല്‍ അഹമ്മദും അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീഴ്ത്തി.

കിവീസ് നിരയില്‍ 49 റണ്‍സെടുത്ത റച്ചീന്‍ രവീന്ദ്രയും 47 റണ്‍സെടുത്ത നായകന്‍ ടോം ബ്രൂസും മാത്രമാണ് തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ ടീമില്‍ എല്ലാ ബാറ്റ്‌സ്മാന്‍മാരു തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ വിജയലക്ഷ്യം കേവലം 29.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 35 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 48 റണ്‍സെടുത്ത പൃത്ഥി ഷായാണ് ടോപ് സ്‌കോറര്‍. മലയാളി താരം സഞ്ജു സാംസണ്‍ 39 റണ്‍സെടുത്തു. 21 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതമാണ് സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം.

മായങ്ക് അഗര്‍വാള്‍ (29), ശുഭ്മാന്‍ ഗില്‍ (30), സൂര്യകുമാര്‍ യാദവ് (35) എന്നവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. 20 റണ്‍സുമായി വിജയ് ശങ്കറും 15 റണ്‍സുമായി ക്രുനാല്‍ പാണ്ഡ്യയും പുറത്താകാതെ നിന്നു.