സംഹാരിയായി വില്യംസണ്‍, ന്യൂസിലന്‍ഡിന് അനായാസ ലീഡ്, വിയര്‍ത്ത് ടീം ഇന്ത്യ

ഇന്ത്യയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് സമ്പൂര്‍ണ്ണ മേധാവിത്വം. ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് അനായാസം ലീഡ് സ്വന്തമാക്കി. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 165 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്ന് വിക്കറ്റിന് 172 റണ്‍സ് എടുത്തിട്ടുണ്ട്. ഇതോടെ ഏഴ് വിക്കറ്റ് അവശേഷിക്കെ ന്യൂസിലന്‍ഡിന് ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സ് ലീഡായി.

അര്‍ധ സെഞ്ച്വറി നേടി ബാറ്റിംഗ് തുടരുന്ന നായകന്‍ കെയ്ന്‍ വില്യംസന്റെ കരുത്തിലാണ് കിവീസ് അനായാസം ലീഡ് സ്വന്തമാക്കിയത്. 78 റണ്‍സുമായി വില്യംസണ്‍ ബാറ്റിംഗ് തുടരുകയാണ്. റോസ് ടെയ്‌ലര്‍ 44ലും ടോം ബ്ലെന്റ്‌റ് 30 റണ്‍സെടുത്തു. ടോം ലാഥം 11 റണ്‍സെടുത്ത് പുറത്തായി. രണ്ട് റണ്‍സുമായി നിക്കോളാണ് വില്യംസണ് കൂട്ടായി ക്രീസില്‍.

മൂന്ന് വിക്കറ്റും സ്വന്തമാക്കിയത് ഇഷാന്ത് ശര്‍മ്മയാണ്. ഭുംറയ്ക്കും ഷമിയ്ക്കും അശ്വിനും ഇതുവരെ വിക്കറ്റ് വീഴ്ത്താനായിട്ടില്ല.

അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയത ജാമിന്‍സനും മുതിര്‍ന്ന ബൗളര്‍ ടിം സൗത്തിയുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ജാമിന്‍സന്‍ 16 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. സൗത്തിയാകട്ടെ 20.1 ഓവറില്‍ 49 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. ബോള്‍ട്ടാണ് അവശേഷിച്ച ഏക വിക്കറ്റിന് ഉടമ.

ഒന്നാം ഇന്നിംഗ്സ് സ്‌കോറായ അഞ്ചിന് 122 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് പന്തിനെ (19) ആയിരുന്ന. നിര്‍ഭാഗ്യകരമായ റണ്ണൗട്ടിലൂടെയായിരുന്നു പന്ത് പുറത്തായത്. തൊട്ടടുത്ത പന്തില്‍ പൂജ്യനായി അശ്വിന്‍ കൂടി മടങ്ങി. പിന്നീട് രഹാന കൂടി പുറത്തായതോടെ ഇന്ത്യ 150 പോലു കടക്കില്ലെന്ന് കരുതി.

ഏന്നാല്‍ വാലറ്റത്ത് 20 പന്തില്‍ 21 റണ്‍സ് സ്വന്തമാക്കിയ ഷമി ഇന്ത്യയെ 165ല്‍ എത്തിക്കുകയായിരുന്നു. ഇഷാന്ത് ശര്‍മ്മ അഞ്ച് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഭുംറ റണ്‍സൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.