16 കാരന്റെ തകര്‍പ്പന്‍ അരങ്ങേറ്റം, രഞ്ജിയില്‍ കേരളത്തിന് കൂറ്റന്‍ ജയം ; ഇന്നിംഗ്‌സിനും 166 റണ്‍സിനും മേഘാലയയെ തകര്‍ത്തു

അരങ്ങേറ്റ മത്സരത്തില്‍ 16 കാരന്‍ നടത്തിയ ഏഴുവിക്കറ്റ് പ്രകടനത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ മേഘാലയയ്ക്ക് എതിരേ കേരളത്തിന് ഉജ്വല ജയം. മൂന്നുപേര്‍ സെഞ്ച്വറി നേടുകയും നായകന്‍ അര്‍ദ്ധശതകവും നേടി വമ്പന്‍ സ്‌കോറില്‍ മേഘാലയയെ പൂട്ടിയിട്ട കേരളം അവരുടെ രണ്ടാം ഇന്നിംഗ്‌സ് 191 റണ്‍സിനും കര്‍ട്ടനിട്ടു. മത്സരത്തില്‍ ഏഴു വിക്കറ്റുകളാണ് അരങ്ങേറ്റ മത്സരം കളിച്ച ഏദന്‍ ആപ്പിള്‍ ടോം നേടിയത്. മറ്റു ബൗളര്‍മാരും കരുത്തു കാട്ടിയപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ മേഘാലയയെ 148 ന് പുറത്താക്കിയിയിരുന്നു.

മേഘാലയയ്ക്ക് എതിരേ തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയ കേരളം ആദ്യ ഇന്നിംഗ്‌സില്‍ 505 റണ്‍സ് എടുത്തിരുന്നു. 357 റണ്‍സിന്റെ ലീഡ് പിന്തുടര്‍ന്ന മേഘാലയയുടെ വിക്കറ്റുകള്‍ ഒന്നൊന്നായി കേരള ബൗളര്‍മാര്‍ എറിഞ്ഞിട്ടപ്പോള്‍ പിടിച്ചു നില്‍ക്കാനായത് 75 റണ്‍സ് എടുത്ത ചിരാഗ് ഖുരാനയ്ക്കും പുറത്താകാതെ 55 റണ്‍സ് എടുത്ത ഡിപ്പു സാംഗ്മയ്ക്കും മാത്രമാണ്. ഇവര്‍ കഴിഞ്ഞാല്‍ പിന്നെ 19 റണ്‍സ് എടുത്ത ലാറി സാംഗ്മയാണ് രണ്ടക്കം കണ്ട ഏക ബാറ്റ്‌സ്മാന്‍. നാലു വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയാണ് മികച്ച ബൗളിംഗ് കാഴ്ചവെച്ചത്. ജലജ് സക്‌സേന മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആദ്യ ഇന്നിംഗ്‌സിലെ നാലുവിക്കറ്റ് നേട്ടക്കാരന്‍ ഏദന്‍ ആപ്പിള്‍ ടോം രണ്ടു വിക്കറ്റും വീഴ്ത്തി. ഇത്തവണ ശ്രീശാന്തിന് വിക്കറ്റ് കിട്ടിയില്ല.

ആദ്യ ഇന്നിംഗ്‌സില്‍ തന്നെ പടുകൂറ്റന്‍ സ്‌കോറിലേക്ക് പോയതാണ് കേരളത്തിന് തുണയായത്. 147 റണ്‍സുമായി പൊന്നന്‍ രാഹുലും 107 റണ്‍സ് എടുത്ത രോഹന്‍ കുന്നുമ്മേലും തീര്‍ത്ത മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിനു പിന്നാലെ വത്സന്‍ ഗോവിന്ദ് കൂടി സെഞ്ച്വറി നേടിയിരുന്നു. 106 റണ്‍സായിരുന്നു താരത്തിന്റെ സംഭാവന. ഇവരുടെ സെഞ്ച്വറികള്‍ക്ക് പുറമേ നായകന്‍ സച്ചിന്‍ ബേബി 56 റണ്‍സും സിജോമോന്‍ ജോസഫ് 21 റണ്‍സും കൂടി നേടിയതോടെ ഇന്ത്യന്‍ സ്‌കോര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 506 എന്ന സ്‌കോറിന് ഡിക്ലയര്‍ ചെയ്തിരുന്നു.