ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍സമയ നിരീക്ഷണത്തിലാകും; ഇഒഎസ്-03യുടെ വിക്ഷേപണം നാളെ പുലര്‍ച്ചെ

ഭ്രമണപഥത്തിലേക്ക് ആദ്യമായി എത്തുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03യുടെ വിക്ഷേപണം നാളെ പുലര്‍ച്ചെ നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ജിഎസ്എല്‍വി-എഫ് 10 റോക്കറ്റ് കുതിച്ചുയരുക. 24 മണിക്കൂറും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കല്‍ ലക്ഷ്യമിട്ടാണ് ഇഒഎസ്-03 ഉപഗ്രഹം വിക്ഷേപിക്കുന്നത്.

വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗണ്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 5.43നാണ് വിക്ഷേപണം. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉപഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. 2268 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. കേവലം 18 മിനിറ്റിനകം ജിഎസ്എല്‍വി-എഫ് 10 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കും. ബുധനാഴ്ച രാവിലെയാണ് ജിഎസ്എല്‍വി-എഫ് 10 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. ജിയോ ഇമേജിംഗ് സാറ്റലൈറ്റ് -1 (ജിസാറ്റ് -1) എന്ന ഉപഗ്രഹത്തിന്റെ പേര് ഇഒഎസ് -03 എന്ന് പുനര്‍നാമകരണം ചെയ്തതാണ്. 51.70 മീറ്റര്‍ ഉയരവും 416 ടണ്‍ ഭാരവുമുള്ള ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ -എഫ് 10 (ജിഎസ്എല്‍വി -എഫ് 10) കാലാവസ്ഥാ അനുകൂലമാണെങ്കില്‍ നിശ്ചയിച്ച സമയത്ത് തന്നെ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ഭ്രമണപഥത്തില്‍ എത്തുന്ന ഉപഗ്രഹം സ്വന്തം പ്രോപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ച് മുന്നോട്ടു നീങ്ങി നിര്‍ദിഷ്ട സ്ഥാനത്ത് എത്തിച്ചേരും. തുടര്‍ന്ന് ഭൂമിയുടെ കറക്കത്തിന് അനുസരിച്ച് ഉപഗ്രഹത്തിന്റെ ദിശയും ക്രമീകരിക്കും. ഇതോടെ ഭൗമനിരീക്ഷണം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഉപഗ്രഹത്തിലെ ഓണ്‍ബോര്‍ഡ് മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് ഐഎസ്ആര്‍ഒ വക്താവ് പറഞ്ഞു. ജിഎസ്എല്‍വി ഒരു ത്രീ സ്റ്റേജ്, എന്‍ജിന്‍ റോക്കറ്റ് ആണ്. ആദ്യഘട്ടത്തില്‍ ഖര ഇന്ധനവും രണ്ടാമത്തേതില്‍ ദ്രാവക ഇന്ധനവും മൂന്നാമത്തേതില്‍ ക്രയോജനിക് എന്‍ജിനുമാണ് പ്രവര്‍ത്തിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി റോക്കറ്റിന്റെ മുന്‍ഭാഗം വെടിയുണ്ടയുടെ ആകൃതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കൂടുതല്‍ വേഗം ലഭിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

Read more

2020 മാര്‍ച്ച് 5 ന് വിക്ഷേപണം നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതികപ്രശ്നങ്ങളെ തുടര്‍ന്ന് വിക്ഷേപണം നീട്ടിവെയ്ക്കുകയായിരുന്നു. പ്രകൃതി ദുരന്തം, ഉള്‍പ്പെടെ ഭൂമിയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ വേഗത്തില്‍ നിരീക്ഷിച്ച് വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുമെന്നതാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത. ദുരന്ത മുന്നറിയിപ്പ്, ചുഴലിക്കാറ്റ് നിരീക്ഷണം തുടങ്ങി നിര്‍ണായക രംഗങ്ങളിലും ഉപഗ്രഹത്തിന് മികച്ച സംഭാവന നല്‍കാന്‍ സാധിക്കും. ദിവസവും നാലോ അഞ്ചോ തവണ രാജ്യത്തിന്റെ സമഗ്രവും വ്യക്തവുമായ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് ഇഒഎസ്3യുടെ പ്രധാന ജോലി.