ഇന്ത്യയുടെ സൗരദൗത്യം ഈ വർഷം, ചാന്ദ്രഗവേഷണത്തിന് ജപ്പാനുമായി കൈകോർക്കും

ഇന്ത്യയുടെ സൗരദൗത്യത്തിന് നാന്ദി കുറിച്ച് ആദിത്യ എല്‍1 പേടകം ഈ വര്‍ഷം വിക്ഷേപിച്ചേക്കുമെന്ന് ഐഎസ്ആര്‍ഒയുടെ മുന്‍ മേധാവി എ.എസ്. കിരണ്‍ കുമാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച ഒരു ഇന്‍ഡോ-യുഎസ് വര്‍ക്ക്ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

400 കിലോഗ്രാം ഭാരമുള്ള പേടകമായിരിക്കും ആദിത്യ എല്‍1 എന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന വിവരം. വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളുമായി പുറപ്പെടുന്ന പേടകം ഭൂമിയ്ക്കും സൂര്യനുമിടയിലെ ലാഗ് റേഞ്ചിയന്‍ പോയിന്റ് 1 (Lagrangian Point 1- L1) ലെ ഹാലോ ഓര്‍ബിറ്റിലാണ് വിക്ഷേപിക്കുക. നേരത്തെ ഇത് ഭൂമിയില്‍ നിന്നും 800 കിലോമീറ്റര്‍ ദൂരത്ത് വിക്ഷേപിക്കാനായിരുന്നു പദ്ധതി. എന്നാല്‍ സൂര്യനെ നിരന്തരം കാണാന്‍ അവിടെ നിന്നും സാധിക്കില്ല എന്ന കാരണത്താല്‍ എല്‍1 ലേക്ക് മാറ്റുകയായിരുന്നു.

‘ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റര്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൂരദര്‍ശിനി ആസ്ട്രോ സാറ്റ് ഭ്രമണപഥത്തിലെത്തിച്ചു. വിവിധ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തമ്മിലുള്ള സഹകരണമാണ് ഇത്. വിവിധ ബഹിരാകാശ ഗവേഷണ പഠനങ്ങള്‍ക്കായി ഇത് വിവരങ്ങള്‍ നല്‍കുന്നുണ്ട്.’ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നു. ഇനിയും ഏറെ വര്‍ഷക്കാലം ഈ പേടകത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കും.’ അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ ചാന്ദ്ര ഗവേഷണ പദ്ധതിയ്ക്ക് വേണ്ടി ജപ്പാന്‍ എയറോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സി (ജാക്സ) യും ഐഎസ്ആര്‍ഒയും തമ്മില്‍ സഹകരിക്കുമന്നും അദ്ദേഹം പറഞ്ഞു.