നൊസ്റ്റാള്‍ജിയയാണോ അതോ കാലഹരണപ്പെട്ട തിരക്കഥയോ? ഷാജി കൈലാസിന്റെ ‘വരവ്’ റിവ്യൂ
ഷാജി കൈലാസും എ.കെ. സാജനും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുമ്പോൾ മലയാളി പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലറാണ്. ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ‘വരവ്’ തിയേറ്ററുകളിൽ എത്തുമ്പോൾ, ആ പഴയ 90കളിലെ സിനിമാറ്റിക് ഗ്രാമറിലേക്കുള്ള ഒരു പൂർണ്ണ തിരിച്ചുപോക്കാണ് ചിത്രം ഓഫർ ചെയ്യുന്നത്. എന്നാൽ 2026-ൽ നിൽക്കുമ്പോൾ ഈ പഴയ ഫോർമുല എത്രത്തോളം വർക്ക് ഔട്ട് ആകുന്നുണ്ട് എന്നതാണ് പ്രധാന ചോദ്യം.
പ്ലോട്ട്– പഴയ വീഞ്ഞും പഴയ കുപ്പിയും.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന, നാം പലവട്ടം കണ്ടുമടുത്ത ഒരു പ്രതികാര കഥയാണ് വരവ് പറയുന്നത്. വർഷങ്ങളോളം ജയിലിൽ കിടന്നതിന് ശേഷം പരോളിൽ നാട്ടിലേക്ക് തിരിച്ചെത്തുന്ന പോൾസൺ (ജോജു ജോർജ്) എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. തന്റെ കുടുംബത്തെ തകർത്തവരോട് പകരം ചോദിക്കാനും, മുൻപ് കാണാതായ സഹോദരൻ വില്യംസിനെ (അർജുൻ അശോകൻ) കണ്ടെത്താനുമാണ് അവൻ തിരികെയെത്തുന്നത്. മേടയിൽ കൊച്ചേട്ടൻ (മുരളി ഗോപി) എന്ന ക്രൂരനായ ഫ്യൂഡൽ വില്ലനും അയാളുടെ സംഘവുമാണ് പോൾസണിന്റെ എതിരാളികൾ. ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ കഥ എങ്ങോട്ടാണ് പോകുന്നതെന്ന് പ്രേക്ഷകന് ഊഹിക്കാൻ സാധിക്കും.
എ.കെ. സാജന്റെ തിരക്കഥയാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്മ. വളരെ പ്രവചനീയമായ കഥാഗതിയും, നാടകീയവും വിശദീകരണങ്ങൾ നിറഞ്ഞതുമായ ഡയലോഗുകളും ചിത്രത്തെ വലിയ രീതിയിൽ പുറകോട്ട് വലിക്കുന്നുണ്ട്. എന്തിനാണ് ഓരോ ഫൈറ്റ് സീനുകൾ എന്ന് പോലും പ്രേക്ഷകന് സംശയം തോന്നുന്ന രീതിയിലാണ് കാര്യകാരണങ്ങളില്ലാതെ ആക്ഷൻ രംഗങ്ങൾ കുത്തിനിറച്ചിരിക്കുന്നത്.
ഷാജി കൈലാസിന്റെ സിഗ്നേച്ചർ ക്ലോസ്-അപ്പ് ഷോട്ടുകളും ഫ്രെയിമുകളും തുടക്കത്തിൽ കൗതുകം നൽകുന്നുണ്ടെങ്കിലും, അമിതമായ സ്ലോ-മോഷനുകളുടെ ഉപയോഗം പിന്നീട് വലിയൊരു മടുപ്പായി മാറുന്നു. കടുവ, കാപ്പ എന്നീ ചിത്രങ്ങളിലൂടെ കാലത്തിനൊത്ത് മാറാൻ ശ്രമിച്ച സംവിധായകൻ ഈ ചിത്രത്തിൽ പൂർണ്ണമായും തന്റെ പഴയ ശൈലിയിലേക്ക് തന്നെ തിരികെ പോയത് പോലെ തോന്നും.
പോൾസൺ ആയി എത്തുന്ന ജോജു ജോർജിന്റെ മികച്ച സ്ക്രീൻ പ്രസൻസ് തന്നെയാണ് ചിത്രത്തിന്റെ ഏക ആശ്വാസം. തന്റെ ശരീരപ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലുള്ള ആക്ഷൻ രംഗങ്ങൾ ജോജു ഗംഭീരമാക്കിയിട്ടുണ്ട്. മേടയിൽ കൊച്ചേട്ടനായി എത്തിയ മുരളി ഗോപി വില്ലൻ വേഷത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
വില്യംസ് ആയി എത്തിയ അർജുൻ അശോകൻ, സ്വാർത്ഥനായ പ്രതിനായകനായി ദീപക് പറമ്പോൽ എന്നിവർ തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. സുകന്യ, ബാബുരാജ്, സാനിയ അയ്യപ്പൻ, വാണി വിശ്വനാഥ്, ബൈജു സന്തോഷ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടെങ്കിലും പലർക്കും കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. മാർക്കോ സ്റ്റൈലിൽ എത്തിയ അഭിമന്യു ഷമ്മി തിലകന്റെ വേഷം പലപ്പോഴും അബദ്ധമായി മാറി.
മൂന്നാറിന്റെയും കാന്തല്ലൂരിന്റെയും കോടമഞ്ഞ് മൂടിയ തേയിലത്തോട്ടങ്ങളുടെ സൗന്ദര്യവും നിഗൂഢതയും ഛായാഗ്രാഹകൻ എസ്. ശരവണന്റെ ക്യാമറ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. സാം സി.എസിന്റെ പശ്ചാത്തല സംഗീതം തുടക്കത്തിൽ ആവേശമുണർത്തുമെങ്കിലും, പിന്നീടത് അമിത ശബ്ദബഹളമായി അനുഭവപ്പെടുന്നു,. എഡിറ്റിംഗിൽ, പ്രത്യേകിച്ച് സെക്കൻഡ് ഹാഫിൽ കുറച്ചുകൂടി കത്രിക വെക്കാമായിരുന്നു എന്ന് പറയേണ്ടിവരും.
ചുരുക്കത്തിൽ, യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത, 90-കളിൽ ഇറങ്ങേണ്ടിയിരുന്ന ഒരു പഴയകാല പ്രതികാരകഥ മാത്രമാണ് ‘വരവ്’. ജോജു ജോർജിന്റെ കട്ട മാസ്സ് ആക്ഷൻ ഫൈറ്റുകളും ഷാജി കൈലാസ് സിനിമകളുടെ പഴയ നൊസ്റ്റാൾജിയയും ആഗ്രഹിക്കുന്നവർക്ക് ഒരു തവണ കണ്ടിരിക്കാം,. എന്നാൽ നല്ലൊരു ത്രില്ലറോ പുതിയ കാലത്തിന്റെ മേക്കിംഗ് സ്റ്റൈലോ പ്രതീക്ഷിച്ചു പോയാൽ ചിത്രം നിരാശപ്പെടുത്തും,
സൗത്ത്‌ലൈവ് റേറ്റിംഗ്: 2/5
ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?
12.25% വരെ യഥാർത്ഥ ആദായവുമായി ICL FINCORPന്റെ പുതിയ എൻ.സി.ഡി ഇഷ്യു ആഗസ്റ്റ് 10-ന് ആരംഭിക്കുന്നു