വന്ദേഭാരത് മിഷന്‍ നാലാംഘട്ടം; ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം

വന്ദേഭാരത് മിഷന്‍ നാലാംഘട്ടത്തില്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കമാകും. ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെയുള്ള നാലാംഘട്ടത്തില്‍ 214 സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്.

ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ഖത്തറില്‍ നിന്നാണ്. 151 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്കുള്ളത്. ഏകദേശം ഇരുപത്തിയേഴായിരം പ്രവാസികള്‍ക്ക് ഇക്കുറി ഖത്തറില്‍ നിന്ന് മടങ്ങാം. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഖത്തറില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും നടത്തുന്നത്. ജൂലൈ 10 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക.

സൗദിയില്‍ നിന്ന് 11 സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്. കുവൈറ്റില്‍ നിന്ന് നിലവില്‍ പതിനൊന്ന് സര്‍വീസുകള്‍ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒമാനില്‍ നിന്ന് എട്ട് സര്‍വീസുകളും യു.എഇ.യില്‍ നിന്ന് 33 സര്‍വീസുകളാണ് നാലാംഘട്ടത്തിലുള്ളത്. ഇതില്‍ ദുബായില്‍ നിന്ന് ആദ്യവിമാനം ഇന്ന് കൊച്ചിയിലേക്ക് തിരിക്കും.