കറുത്ത വര്‍ഗ്ഗക്കാരന്റെ മരണം; അമേരിക്കന്‍ തെരുവുകള്‍ പ്രക്ഷുബ്ധം

അമേരിക്കയിലെ മിനസോട്ടയില്‍ പൊലീസുകാരന്റെ കൊടുംക്രൂരതയെ തുടര്‍ന്ന് കറുത്ത വര്‍ഗ്ഗക്കാരന്‍ മരിച്ച സംഭവത്തില്‍ തെരുവിലിറങ്ങി ജനങ്ങള്‍. മരിച്ച ജോര്‍ജ് ഫ്ളോയ്ഡിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ തെരുവുകളില്‍ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ പ്രക്ഷോഭം സംഘര്‍ഷത്തിന് വഴിതുറന്നതിനാല്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ലൊസാഞ്ചലസിലടക്കം വിവിധയിടങ്ങളില്‍ പ്രതിഷേധം അലയടിക്കുകയാണ്.

സംഭവത്തെ കുറിച്ച് എഫ്ബിഐ അന്വേഷിക്കുമെന്നും നീതി നടപ്പിലാക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. സംഭവത്തില്‍ പങ്കുള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടിരുന്നു. ഒരു റെസ്റ്റോറന്റിലെ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്നയാളാണു ജോര്‍ജ്. സ്ഥലത്തെ പലചരക്കുകടയിലുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് ജോര്‍ജിനെ തെറ്റിദ്ധരിച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു.

Photos: George Floyd death sparks more protests in Minneapolis ...

കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ പൊലീസ് നിലത്തിട്ടു കഴുത്തില്‍ കാല്‍മുട്ടൂന്നി നിന്നു ശ്വാസം മുട്ടിക്കുകയായിരുന്നു. വേദനയെടുക്കുന്നെന്നും ശ്വാസംമുട്ടുന്നെന്നും വെള്ളം വേണമെന്നും ജോര്‍ജ് കരഞ്ഞപേക്ഷിച്ചിട്ടും 5 മിനിട്ടോളം പൊലീസ് ബലം പ്രയോഗിച്ചു. ഷര്‍ട്ടഴിച്ചു വിലങ്ങണിയിച്ചിരുന്നയാളുടെ മേലായിരുന്നു അതിക്രമം. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചലനമറ്റ ജോര്‍ജിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മരിച്ചു.