അബൂദാബി ,ദുബായ് കിരീടാവകാശികള്‍ നിരത്തിലിറങ്ങി; സാധാരണക്കാര്‍ക്കൊപ്പം നടക്കാന്‍

സാധാരണക്കാര്‍ക്കൊപ്പം നടന്ന് അബൂദാബി , ദുബായ് കിരീടാവകാശികള്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സ്‌പെഷല്‍ ഒളിംപിക്‌സിന്റെ മുന്നോടിയായി സംഘടിപ്പിച്ച വാക്ക് ടുഗതര്‍ മാര്‍ച്ചിലാണ് സാധാരണക്കാരുടെ കൂടെ അബൂദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും നടന്നത്.

സമൂഹത്തില്‍ സവിശേഷ പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷിക്കാരെ പിന്തുണയ്ക്കാനും സമൂഹത്തില്‍ പ്രത്യേകിച്ചും കായികമേഖലയില്‍ അവരെ സ്വയം ശക്തിപ്പെടുത്തുന്നതിന് മുന്‍കൈയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

ഷെയ്ഖ് മുഹമ്മദിന്റെ കൂടെ മക്കളും കൊച്ചുമക്കളും വാക്ക് ടുഗതര്‍ മാര്‍ച്ചില്‍ സംബന്ധിച്ചു. കായികവിനോദങ്ങള്‍ ജീവിതശൈലിയുടെ ഭാഗമായി മാറണം. അതു വഴി കൂടുതല്‍ ആരോഗ്യകരമായ ജീവിതം സാധ്യമാകും. അതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്നു ഷെയ്ഖ് മുഹമ്മദ് അറിയിച്ചു