കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തി യു.എ |ഇ

കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തി യുഎഇ. ഇന്ന് മുതല്‍ വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിങ്ങനെയുള്ള പൊതു പരിപാടികളില്‍ ഇവ നടക്കുന്ന സ്ഥലത്തിന്റെ പരമാവധി ശേഷി അനുസരിച്ച് ആളുകള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഓരോ എമിറേറ്റുകള്‍ക്കും ഇതില്‍ ആവശ്യാനുസരണം മാറ്റം വരുത്താനും സാധിക്കും.

പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലെയും സാമൂഹിക അകലം കുറയ്ക്കും. അകലം ഒരു മീറ്ററാക്കിയാണ് കുറയ്ക്കുക. ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ക്കിടയില്‍ സാമൂഹിക അകലം നിലനിര്‍ത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഈ മാസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കും.

സ്റ്റേഡിയങ്ങള്‍ അടക്കമുള്ള പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. പാസ് ഇല്ലെങ്കില്‍ 96 മണിക്കൂറില്‍ അധികമാകാത്ത പിസിആര്‍ നെഗറ്റീവ് ഫലം കൈവശം ഉണ്ടാകണം.

നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയട്ടുണ്ട് എങ്കിലും മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, ശുചിത്വം പാലിക്കല്‍ എന്നീ കാര്യങ്ങള്‍ നേരത്തെ ഉണ്ടായിരുന്നത് പോലെ തുടരണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എല്ലാവരും രണ്ട് ഡോസ് വാക്‌സിനുകള്‍ സ്വീകരിക്കണമെന്നും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.