'ഞങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കിയതിന് നന്ദി'; കോവിഡ് യോദ്ധാക്കളെ അഭിനന്ദിച്ച് ശൈഖ് ഹംദാന്‍

സ്വജീവന്‍ പണയംവെച്ച് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ കോവിഡിനെതിരെ മുന്നിട്ടിറങ്ങി പോരാടുന്നവര്‍ക്ക് നന്ദി നേര്‍ന്ന്
ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. കത്തിലൂടെയാണ് ശൈഖ് ഹംദാന്‍ മഹാമാരിക്കെതിരെ യുദ്ധം നടത്തുന്നവരെ അഭിനന്ദിച്ചത്. വെല്ലുവിളികള്‍ ഉയര്‍ന്നുവരുമ്പോഴും മറ്റുള്ളവരുടെ സുരക്ഷക്കായി സ്വന്തം ജീവന്‍ ത്യജിച്ച് പോരാടുന്നവരോട് പ്രത്യേക നന്ദിയുണ്ടെന്ന് ശൈഖ് ഹംദാന്‍ കത്തില്‍ കുറിച്ചു.

കത്തിന്റെ പൂര്‍ണരൂപം

എന്റെ പ്രിയ സഹോദരീസഹോദരന്മാരേ, മുന്‍നിരയിലെ ധീരരായ യോദ്ധാക്കളെ ഞങ്ങളുടെ നിരാശാജനകമായ സമയങ്ങളില്‍ വെല്ലുവിളികളേറ്റെടുത്തവരാണ് നിങ്ങള്‍. സായുധരായ നിങ്ങളുടെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളാണ് സേവനത്തിന്റെയും ത്യാഗത്തിന്റെയും ശരിയായ അര്‍ഥം ഞങ്ങള്‍ക്ക് പുനര്‍നിര്‍വചിച്ചുതന്നത്. നിങ്ങളുടെ അപാരമായ ധൈര്യം ഞങ്ങളുടെ സമൂഹത്തെ സംരക്ഷിക്കുന്നതിന് ഒരു അജയ്യമായ കോട്ടയാണ് പണിതത്. ഞങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കുമിടയില്‍ നിലയുറപ്പിച്ച ഇന്നത്തെ ഏറ്റവും മികച്ച സൈനികരാണ് നിങ്ങള്‍. ഞങ്ങളുടെ ജനതയെ സംരക്ഷിക്കുന്നതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കിയതിന് നിങ്ങള്‍ക്ക് നന്ദി.

പുതിയ നായകര്‍ക്ക് കടന്നുവരാനുള്ള മികച്ച മാതൃകയാണ് നിങ്ങള്‍ തീര്‍ത്തിരിക്കുന്നത്. നിങ്ങളുടെ ത്യാഗം ഏറെ പ്രചോദനകരവും വിനീതവും ചരിത്രത്തില്‍ എന്നെന്നേക്കുമായി ഓര്‍മിക്കുന്ന ഒരു പാരമ്പര്യവുമായിരിക്കും. ദൈവകൃപയാല്‍ നാം ഈ സമയങ്ങളിലൂടെ കടന്നുപോകും. നമുക്ക് ഒന്നിച്ചുനിന്ന് കൂടുതല്‍ ശക്തരും കൂടുതല്‍ ദൃഢനിശ്ചയമുള്ളവരുമായി ഭാവി രൂപപ്പെടുത്തുന്നതിനുള്ള യാത്ര തുടരാം. നന്ദി

നിങ്ങളുടെ സഹോദരന്‍,
ഹംദാന്‍ ബിന്‍ മുഹമ്മദ്