'ആഗ്രഹമുണ്ടായിട്ടും നാടൊരു പേടിസ്വപ്നമായി, ഉറ്റവര്‍ പോലും കാണിക്കുന്ന അവഗണന വല്ലാതെ നോവിക്കും'; ഒരു പ്രവാസിയുടെ കുറിപ്പ്

കോവിഡ് സാഹചര്യം വരുത്തിവെച്ച ദുരവസ്ഥകളെ തുടര്‍ന്ന് പ്രവാസികളെല്ലാം നാളെ മുതല്‍ നാട്ടിലേക്ക് മടങ്ങി എത്തുകയാണ്. ഒരു നാടിനെ കുടുംബത്തെ സമൂഹത്തെ സമ്പന്നമാക്കാന്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഉറ്റവരെ വിട്ട് അന്യനാട്ടില്‍ ചോരനീരാക്കിയവര്‍. അവര്‍ മടങ്ങി വരുമ്പോള്‍ സമൂഹത്തിന് എന്തിന് വീട്ടുകാരുടെ തന്നെ സമീപനം എന്തായിരിക്കും. സ്വന്തക്കാരും ബന്ധക്കാരും നാട്ടുകാരും തിരികെ എത്തുന്ന പ്രവാസിയെ ഇനി എങ്ങനെയാകും കാണുക. കുവൈത്തില്‍ ജോലി ചെയ്യുന്ന നജീബ് മൂടാടി എന്നായാള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടിയിരിക്കുകയാണ്.

നജീബിന്റെ കുറിപ്പ്…..

“പത്തുമുപ്പത് കൊല്ലായില്ലേ ഈ മരുഭൂമിയില്‍. ഇനി മതിയാക്കുകയാണ്. നാട്ടില്‍ എന്തെങ്കിലുമൊരു ഏര്‍പ്പാടുമായി കൂടണം. കെട്ട്യോളേം മക്കളേം കൂടെ സ്വസ്ഥായിട്ട് കഴിയാലോ”

ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ ഒരുപാട് കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തും കുടുംബം നോക്കിയവര്‍. മനസ്സും ശരീരവും തളര്‍ന്നു തുടങ്ങുമ്പോള്‍, പ്രായാധിക്യം കൊണ്ട് തൊഴില്‍സാധ്യത കുറയുമ്പോള്‍ എടുക്കുന്ന തീരുമാനമാണ്. ഇനി നാട്ടില്‍ നില്‍ക്കാം.

ദൗര്‍ഭാഗ്യവശാല്‍ ഇങ്ങനെ ഗള്‍ഫില്‍ വെച്ച് കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു പോയ പലരും ഏറെ വൈകാതെ തന്നെ പുതിയ വിസയെടുത്തെങ്കിലും തിരികെ വരുന്ന അനുഭവം ഗള്‍ഫ് പ്രവാസികള്‍ക്ക് പുതിയതല്ല.

“നാട്ടില് നിന്നാല്‍ ശരിയാവൂല” എന്ന ഒറ്റ വാചകത്തില്‍ അവരുടെ നിരാശയും വേദനയും നിസ്സഹായതയുമുള്ളത് കൊണ്ട് തന്നെ ആരും കൂടുതലൊന്നും ചോദിക്കാറില്ല. തങ്ങളുടെ അവസ്ഥയും ഇങ്ങനെ ആയിരിക്കുമോ എന്ന് നിശബ്ദമായി ഓര്‍ക്കുകയല്ലാതെ.

ഊണിലുമുറക്കിലും നാട് മാത്രം ചിന്തിച്ചു കഴിയുന്ന, എണ്ണിച്ചുട്ട ലീവുകള്‍ സ്വപ്നം പോലെ തീര്‍ന്നുപോകുമ്പോള്‍, മനമില്ലാ മനസ്സോടെയും നിറഞ്ഞ കണ്ണുകളോടെയും തിരികെ ഗള്‍ഫിലേക്ക് വിമാനം കയറിയിരുന്ന, വന്ന അന്നുമുതല്‍ തിരിച്ചുപോക്കിന്റെ ദിനം എണ്ണിക്കഴിഞ്ഞ മനുഷ്യനാണ് കുറഞ്ഞനാള് കൊണ്ട് തന്നെ നാടുമടുത്ത് ഏതെങ്കിലുമൊരു വിസയില്‍ തിരികെ വന്ന്, കിട്ടുന്ന പണിയെടുത്തു ജീവിക്കുന്നത്!

ആഗ്രഹമുണ്ടായിട്ടും നാടൊരു പേടിസ്വപ്നമായി, ചിലപ്പോള്‍ മരണം പോലും മരുഭൂമിയിലാകുന്ന വിധം ഇവരെ തിരികെയോടിക്കുന്നതെന്താണ്?

പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചു ചെല്ലുന്ന ഒരാള്‍ പഴയപോലെ സ്വീകരിക്കപ്പെടണമെന്നില്ല. നാട്ടിലെ വിവിധ ആവശ്യങ്ങള്‍ക്ക് മുമ്പ് കൈയയഞ്ഞു സഹായിച്ച അയാളെ നോക്കി പഴയ പോലെ പിരിവുകാര്‍ വരികയും കഥ പറഞ്ഞിരിക്കുകയും ചെയ്യില്ല.
ചെറിയ വിരുന്നുകള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും പോലും വിശിഷ്ടാതിഥിയായി ക്ഷണിച്ചിരുന്ന ബന്ധുക്കള്‍ “ഓനിവിടെ തന്നെ ഉണ്ടാകുമല്ലോ.. വേറെ എന്തെങ്കിലും പരിപാടി ഉള്ളപ്പോള്‍ വിളിക്കാം” എന്ന് സാ മട്ടിലിടും. വരുമാനമില്ലാത്തവനായതോടെ ഉറ്റവര്‍ പോലും കാണിക്കുന്ന അവഗണന ഗള്‍ഫ് റിട്ടേണിയെ വല്ലാതെ നോവിക്കുകയും ചെയ്യും.

ഏറ്റവുമധികം പ്രശ്നങ്ങള്‍ അനുഭവിക്കുന്നത് സ്വന്തം വീട്ടില്‍ നിന്ന് തന്നെയാവും. ഇഷ്ടരുചികളും പ്രത്യേക പരിഗണനകളും പഴയപോലെ ലഭിക്കണം എന്നില്ല. വരവില്ലാതെ ചെലവ് മാത്രമായവന്‍ വീട്ടുചെലവുകളുടെ കാര്യത്തില്‍ ഇടപെടുമ്പോഴും വൈകി വരുന്ന മക്കളെ ശാസിക്കാന്‍ തുടങ്ങുമ്പോഴും മുറുമുറുപ്പ് തുടങ്ങും. കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ ഇക്കാലമത്രയും അനുഭവിച്ച സ്നേഹവും പരിഗണയുമൊക്കെ വെറും പുറംപൂച്ചായിരുന്നുവെന്നും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും താനൊരു അധികപ്പറ്റാണ് എന്നുമുള്ള ചിന്ത ഉള്ളിനെ വല്ലാതെ മഥിച്ചു തുടങ്ങുമ്പോള്‍ നാട് മതിയാക്കി തിരിച്ചുപോക്കിനെ കുറിച്ച് ആലോചിച്ചു തുടങ്ങും. ഏതെങ്കിലും കൂട്ടുകാരനോടോ പഴയ കഫീലിനോടോ കരഞ്ഞു പറഞ്ഞൊരു വിസ സംഘടിപ്പിച്ച് വീണ്ടും മരുഭൂമിയിലേക്ക് ഏറെ വൈകാതെ തിരിച്ചു പറക്കുകയും ചെയ്യും. ഗള്‍ഫില്‍ കിടന്ന് മരിക്കേണ്ടി വന്നാലും ഇനി പ്രവാസം ഒഴിവാക്കി നാട്ടിലേക്കില്ല എന്ന കടുത്ത ഒരു തീരുമാനവുമെടുത്തിട്ടുണ്ടാകും.

എത്രയോ കാലത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടശേഷം അതിത്രക്ക് ഭീകരമായ അനുഭവമായിപ്പോയതിന്റെ നിരാശയോടെ തിരിച്ചു വരുന്ന ഒരാള്‍ ശരിക്കും തകര്‍ന്നുപോയ ഒരു മനുഷ്യനാണ്. ബന്ധങ്ങളെ കുറിച്ചുള്ള അയാളുടെ ധാരണയാണ് കുറഞ്ഞ നാളുകള്‍ കൊണ്ട് പൊളിഞ്ഞു പോകുന്നത്. പ്രിയപ്പെട്ടവരാല്‍ വഞ്ചിക്കപ്പെട്ടതിന്റെ തേങ്ങലും ഉള്ളില്‍ പേറിയാണ് ആ മനുഷ്യന്റെ ശിഷ്ടജീവിതം.

ശരിക്കും എന്താണ് ഇവിടെ സംഭവിക്കുന്നത്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഗള്‍ഫുകാരന്‍ അല്ലാത്ത അയാളെ വേണ്ടാതായതാണോ?

പ്രവാസം നിര്‍ത്തിപ്പോയി വീണ്ടും തിരിച്ചു വരുന്ന എല്ലാവരുടെയും അവസ്ഥ ഇങ്ങനെ ആവണം എന്നില്ല. കുറെയൊക്കെ യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാത്തത് കൊണ്ടു കൂടെ സംഭവിക്കുന്നതാണ്.

ഒരു പ്രവാസി വര്‍ഷങ്ങള്‍ എത്ര വിദേശത്തു കഴിഞ്ഞാലും നാടിനെ കുറിച്ചുള്ള സങ്കല്പം താന്‍ പുറപ്പെട്ട കാലം വെച്ചാകുമെന്ന് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവിന്റെ ഒരു നിരീക്ഷണമുണ്ട്. അതില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയാത്തതാണ് പലരുടെയും പ്രശ്നം. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രീതികളോ ബന്ധങ്ങളുടെ സ്വഭാവമോ ഒക്കെ ഇപ്പോഴും പ്രതീക്ഷിക്കുന്നത് അബദ്ധമാണ്. കാലം മാറിയത് നമ്മുടെ ജീവിത രീതികളിലും വിനിമയങ്ങളിലുമൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

അവധിക്ക് നാട്ടില്‍ ചെല്ലുമ്പോള്‍ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും നല്‍കുന്നത് ഒരു അതിഥിയുടെ പരിഗണനയാണ്. ചുരുങ്ങിയ ദിവസം നാട്ടില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ അയാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. എവിടെ ചെന്നാലും നിലയും വിലയും മതിപ്പും അയാള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാകും. നാട്ടില്‍ സ്ഥിരവരുമാനത്തിനുള്ള ഏര്‍പ്പാടൊന്നും ഇല്ലാതെ തിരിച്ചു പോകുന്ന ഒരാളുടെ ഉള്ളില്‍ അബോധമായെങ്കിലും ഉണ്ടാകുന്ന അപകര്‍ഷത പഴയപോലെ പരിഗണിക്കപ്പെടുന്നില്ല എന്ന തോന്നലിന് ആക്കം കൂട്ടും. നാട്ടില്‍ വരുമ്പോള്‍ പിരിവുകള്‍ മുതല്‍ പലവിധ സാമ്പത്തിക സഹായങ്ങളുടെ താല്പര്യത്തോടെ നല്ല ലോഗ്യം പറയുകയും വീട്ടില്‍ വരികയും ചെയ്തിരുന്ന നാട്ടുകാര്‍ പലരും ഇനി ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്ന സദുദ്ദേശത്തോടെയാവും പഴയപോലെ വരാത്തത്. അത് “കാര്യം കിട്ടൂലാന്ന് തോന്നിയാല്‍ നമ്മളെ ആര്‍ക്കും വേണ്ട” എന്ന അപകര്‍ഷചിന്തയിലേക്ക് എത്തിക്കുകയാണ് പലപ്പോഴും.

“ഓന്‍ കുറഞ്ഞ ദിവസല്ലേ നാട്ടിലുണ്ടാവൂ ഓനെയും വിളിക്കാം” എന്ന് ബന്ധുവീട്ടിലെ സല്‍ക്കാരങ്ങളില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ടതും ആദ്യപന്തിയില്‍ തന്നെ ഇരുത്തി വിളമ്പിയതും എണ്ണിച്ചുട്ട ലീവിന് വരുന്ന ഗള്‍ഫുകാരന്റെ സമയത്തിന്റെ വില അറിയുന്നത് കൊണ്ട് തന്നെയാവും. “നമ്മക്ക് അവസാനം ഇരിക്കാലോ നിനക്ക് പഴയപോലെ തിരക്കൊന്നും ഇല്ലാലോ” എന്ന് അതേ വീട്ടുകാരന്‍ ഗള്‍ഫ് ഒഴിവാക്കി പോയശേഷം ഒരു സല്‍ക്കാരത്തിന് പോയപ്പോള്‍ പറഞ്ഞത് “ഫീല്” ചെയ്യാന്‍ മാത്രമുള്ള കാര്യമല്ല അടുപ്പം കൊണ്ടാണെന്ന് ചിന്തിച്ചാല്‍ മതി.

പ്രവാസം നിര്‍ത്തി വീട്ടില്‍ നിന്നാല്‍ പഴയ പോലെ വീട്ടുകാര്‍ക്ക് സ്നേഹമുണ്ടാകില്ല എന്ന പല കൂട്ടുകാരുടെയും ഉപദേശം കേട്ടുണ്ടായ മുന്‍വിധിയോടെയാണ് പലരും വീട്ടുകാരോട് ഇടപെടുക. കുറഞ്ഞ നാളുകള്‍ മാത്രം നാട്ടില്‍ നില്‍ക്കുമ്പോള്‍ മുമ്പ് “വായ്ക്ക് രുചിയുള്ളത് വെച്ചു വിളമ്പി കൊടുത്ത” കെട്ട്യോള്‍ പഴയ പോലെ സ്പെഷ്യലൊന്നും ഉണ്ടാക്കാത്തത് ഗള്‍ഫുകാരന്‍ അല്ലാതായത് കൊണ്ടാണോ എന്നിയാള്‍ നിരുപിച്ചു കളയും. കുത്തുവാക്കുകളിലൂടെ അത് പുറത്തു വന്ന് ഒന്നും രണ്ടും പറഞ്ഞു വഴക്കിലേക്കെത്തും.

നാട്ടിലേക്ക് മാസാമാസം പണമയച്ചു കൊടുക്കുമെങ്കിലും വീട്ടുചെലവിനെ കുറിച്ചു വലിയ ധാരണ ഉള്ളവരല്ല മിക്ക പ്രവാസികളും. നാട്ടില്‍ സ്ഥിരമായി നില്‍ക്കാന്‍ തുടങ്ങുമ്പോഴാണ് ധനകാര്യ മന്ത്രിയായി അവതരിക്കുക. ദാമ്പത്യ കലഹങ്ങള്‍ക്കിടയിലാവും വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കുകയെങ്കില്‍ പിന്നെ പറയേണ്ടല്ലോ. ധൂര്‍ത്തും ദുര്‍വ്യയവുമൊക്കെ അടിവരയിട്ട് തെളിയിച്ചു കളയും. മരുഭൂമിയില്‍ കുബ്ബൂസും വെള്ളവും കഴിച്ചു കഷ്ടപ്പെട്ടുണ്ടാക്കിയ കഥകള്‍ വിവരിക്കും. ന്യൂ ജന്‍ മക്കളാണെങ്കില്‍ ഇതൊക്കെ പലവട്ടം കേട്ടതിനാല്‍ കോട്ടുവാ ഇടാന്‍ തുടങ്ങുമ്പോള്‍ അവര്‍ക്ക് അഹങ്കാരമെന്ന് ക്ലാസ്സെടുക്കുകയും ചെയ്യും. ഇങ്ങനെ ഓരോ കാരണങ്ങള്‍ കണ്ടെത്തി ഭാര്യയേയും മക്കളേയും അച്ചടക്കം പഠിപ്പിക്കാന്‍ എന്ന മട്ടില്‍ നിരന്തരം വഴക്കും വക്കാണവും കൂടി ആയാല്‍ ഉള്ള സൈ്വര്യവും പോയിക്കിട്ടും. മക്കളുടെ ബൈക്ക്, കൂട്ടുകാര്‍ തുടങ്ങി സകല കാര്യങ്ങളിലും പോലീസ് മുറയോടെ ചോദ്യം ചെയ്തു തുടങ്ങുന്നതോടെ കെട്ട്യോളും മക്കളും ചേര്‍ന്ന ഒരു മുന്നണിയും രൂപപ്പെട്ടിട്ടുണ്ടാവും.. വെറുപ്പിക്കലിന്റെ അങ്ങേയറ്റത്തു ക്ഷമ നശിച്ച് “ഇങ്ങക്ക് അവിടെ തന്നെ നിന്നാല്‍ പോരായിരുന്നോ” എന്ന് നല്ലപാതിയുടെയോ മക്കളുടെയോ വായില്‍ നിന്ന് വീണുപോയാല്‍ അതോടെ തീര്‍ന്നു കഥ!

ഇത്രയും കാലമില്ലാത്ത ഒരു അധികാര കേന്ദ്രത്തിന്റെ ഇടപെടല്‍ ആരിലും അസ്വസ്ഥത ഉണ്ടാക്കുക സ്വാഭാവികം. പ്രവാസ ജീവിതത്തിന്റെ കഷ്ടപ്പാടും ദുരിതങ്ങളും വീട്ടുകാരോട് പോലും പറയാന്‍ മടിക്കുന്നവരാണ് ഏറെയും. തിരിച്ചെത്തിയ ശേഷം ഇക്കഥകള്‍ പറയുന്നത് കൊണ്ട് കാര്യമില്ല താനും.

വീട്ടിലും നാട്ടിലും ഒറ്റപ്പെട്ടുപോവുമ്പോഴാണ് മതിയാക്കിയ പ്രവാസത്തിലേക്ക് ഒരാള്‍ തിരിച്ചു പോകുന്നത്. താന്‍ വളര്‍ത്തിയെടുത്ത തണലില്‍, തളര്‍ന്നു വരുമ്പോള്‍ ഇടം കിട്ടാതെ ആട്ടിയിറക്കപ്പെടുന്നതിന്റെ വേദന മറ്റൊരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയണം എന്നില്ല. പലപ്പോഴും ഇങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തിക്കുന്നത് രണ്ടു കൂട്ടരുടെയും മുന്‍വിധികളും തെറ്റിദ്ധാരണകളുമാണ്.

കാലം മാറിയത് തിരിച്ചറിയുകയും കാര്യങ്ങളെ യാഥാര്‍ഥ്യബോധത്തോടെ മനസ്സിലാക്കുകയും വേണമെന്നതിനെ കുറിച്ച് തിരിച്ചു പോകാന്‍ ഒരുങ്ങുന്ന പ്രവാസിക്ക് ധാരണ ഉണ്ടാവേണ്ടതാണ്. തന്റെ ശാരീരിക സാമ്പത്തിക സ്ഥിതിയെ കുറിച്ച് വീട്ടുകാര്‍ക്ക് അറിവുണ്ടാകണം. എന്നും കൂടെ ജീവിക്കണ്ടവരോട് ഒന്നും മറച്ചു വെക്കാതിരിക്കലാണ് ശരി.

ഒരാള്‍ കണ്ണെത്താദൂരത്തു കഷ്ടപ്പെട്ട് ജീവിക്കുമ്പോഴും ഉറ്റവര്‍ക്ക് വേണ്ടി വാരിക്കോരി ചെലവഴിക്കുന്നത് സ്നേഹവും വാത്സല്യവും കൊണ്ടാണെന്ന് ഓരോ പ്രവാസി കുടുംബവും മനസ്സിലാക്കണം. എല്ലാം മതിയാക്കി തിരിച്ചു വരുമ്പോള്‍ അയാള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സൗകര്യമൊരുക്കുക എന്നത് അയാളെ ആശ്രയിച്ചു കഴിഞ്ഞവര്‍ കാണിക്കേണ്ട മിനിമം മര്യാദ മാത്രമാണ്. സ്നേഹവും പരിഗണനയുമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. അത് കിട്ടുന്നില്ലെന്നും അവഗണിക്കപ്പെടുന്നു എന്നും തോന്നുമ്പോഴാണ് ആസ്വസ്ഥതകള്‍ ഉണ്ടാകുന്നത്. ഉപദേശം കൊണ്ടും വഴക്ക് പറഞ്ഞും തിരുത്തിക്കളയാം എന്നത് വ്യര്‍ത്ഥമായ ചിന്തയാണ്. വിട്ടുവീഴ്ചയോടെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇടപെടുമ്പോള്‍ പ്രശ്നങ്ങള്‍ ഇല്ലാതെ പോകാം.

ഇനിയുള്ള കാലം പ്രവാസത്തിന്റെയൊക്കെ ഭാവി നാം ഊഹിക്കുന്നതിനും അപ്പുറത്താവും. ഇന്നല്ലെങ്കില്‍ നാളെ പിറന്ന നാട്ടിലേക്ക് തിരിച്ചു പോകേണ്ടവരാണ് ഏതൊരാളും. പ്രവാസി ആയാലും ഉറ്റവരായാലും അതിനായി മാനസികമായി ഒരുങ്ങേണ്ടതുണ്ട്. സ്വസ്ഥത നാം ഉണ്ടാക്കി എടുക്കേണ്ടതാണ് എന്ന തിരിച്ചറിവ് ഓരോരുത്തരിലും ഉണ്ടായാല്‍ മതി. അപ്പോള്‍ അവനവന്റെ കൂരയില്‍ “ഉള്ളതും തിന്ന് ഉടുത്തതും പുതച്ച്” സംതൃപ്തിയോടെ കഴിയാന്‍ പറ്റും. നാടും വീടും മടുത്തു മടങ്ങിപ്പോകാന്‍ ഒരു പോറ്റമ്മനാടും ഇനി ഉണ്ടാവണമെന്നില്ല.

“പത്തുമുപ്പത് കൊല്ലായില്ലേ ഈ മരുഭൂമിയിൽ. ഇനി മതിയാക്കുകയാണ്. നാട്ടിൽ എന്തെങ്കിലുമൊരു ഏർപ്പാടുമായി കൂടണം. കെട്ട്യോളേം…

Posted by Najeeb Moodadi on Monday, 4 May 2020