ഖത്തറിൽ നാലുനിലകെട്ടിടം തകർന്നുവീണ സംഭവം ഏറെ ചർച്ചയായിരുന്നു. നാലു മലയാളികൾ ഉൾപ്പെടെയുള്ളവർ ദുരന്തത്തിൽ മരിച്ചു. ഇപ്പോഴിതാ സംഭവത്തിലെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് ചർച്ചയാകുന്നത്. കെട്ടിട നിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലും ഗുരുതരമായ വീഴ്ചയാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
അപകടം സംഭവിച്ച കെട്ടിടത്തിന്റെ ഉടമ, അറ്റകുറ്റപ്പണി നടത്തിയ കമ്പനി, പ്രധാന കരാറുകാരൻ, പ്രൊജക്ട് കൺസൽട്ടന്റ് എന്നിവരെ ക്രിമിനൽ കോടതിക്ക് കൈമാറാനാണ് തീരുമാനം. അറ്റോർണി ജനറൽ ആണ് ഇക്കാര്യം നിർദേശിച്ചത്.
നിലവിലെ അന്വേഷണപ്രകാരം കെട്ടിട നിർമ്മാണത്തിൽ നിർദിഷ്ട മാനദണ്ഡങ്ങളോ സാങ്കേതിക ചട്ടങ്ങളോ പാലിച്ചിട്ടില്ല എന്നാണ് നിഗമനം. സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
പബ്ലിക് പ്രോസിക്യൂഷൻ ആണ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് പുറത്തുവിട്ടത്. സാങ്കേതിക വശങ്ങൾ അന്വേഷിക്കാനായി രൂപീകരിച്ച കമ്മിറ്റിയുടെ കണ്ടെത്തലുകൾ കൂടി ഉൾപ്പെട്ടതാണ് അന്വേഷണ റിപ്പോർട്ട്.
പ്രധാന കണ്ടെത്തലുകൾ;
കെട്ടിടം നിർമ്മിച്ചിരിക്കുന്നത് അനുവദിച്ച ഡിസൈൻ പ്ലാനിൽ നിന്ന് വ്യത്യസ്തമായാണ്.
ബേസ്മെന്റിൽ തൂണുകളുടെ എണ്ണം കുറഞ്ഞട് ബലക്ഷയത്തിന് കാരണമായി.
ബന്ധപ്പെട്ട അധികൃതരുടെ പെർമിറ്റോ ലൈസൻസോ ഇല്ലാതെയാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.
മതിയായ യോഗ്യതയോ പ്രവൃത്തിപരിചയമോ അറ്റകുറ്റപ്പണിനടത്തിയ കമ്പനിക്കില്ല
ബേസ്‌മെന്റിലെ തൂണുകളുടെ പ്രധാന അറ്റകുറ്റപ്പണികൾ നടത്തിയ സമയം താമസക്കാരെ ഒഴിപ്പിച്ചിരുന്നില്ല.
Read more
2023 മാർച്ച് 22ന് രാവിലെ എട്ടരയോടെയാണ് ബിൻ ദിർഹമിലെ പഴയ നാലു നില കെട്ടിടം തകർന്നു വീണത്. അപകടത്തിൽ ദോഹയിലെ പ്രശസ്ത കലാകാരനായിരുന്ന നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി, മലപ്പുറം പൊന്നാനി സ്വദേശികളായ അബു.ടി.മമ്മദൂട്ടി, നൗഷാദ് മണ്ണറയിൽ, കാസർകോട് പുളിക്കൂർ മുഹമ്മദ് അഷ്‌റഫ് എന്നീ 4 മലയാളികൾ ഉൾപ്പെടെ 6 ഇന്ത്യക്കാരും മരിച്ചു.