കുവൈറ്റില്‍ നിന്ന് ആദ്യ വിമാനം വെള്ളിയാഴ്ച; ആദ്യഘട്ടത്തില്‍ നാട്ടിലേക്ക് ആയിരം പേര്‍

കുവൈറ്റില്‍ നിന്ന് ഇന്ത്യക്കാരെയുമായി ആദ്യ വിമാനം വെള്ളിയാഴ്ച പറന്നുയരും. ആദ്യ വിമാനം വെള്ളിയാഴ്ച ഹൈദരാബാദിലേക്കാണ്. ശനിയാഴ്ച കൊച്ചിയിലേക്കും, ഞായറാഴ്ച ചെന്നൈയിലേക്കും ചൊവ്വാഴ്ച അഹമദാബാദിലേക്കും, ബുധനാഴ്ച കോഴിക്കോട്ടേക്കും വിമാനങ്ങള്‍ സര്‍വീസ് നടത്തും. 200 പേരാകും ഓരോ വിമാനത്തിലും ഉണ്ടാവുക. ആദ്യഘട്ടത്തില്‍ നാട്ടലേക്ക് 1000 പേരെയാണ് കൊണ്ടു പോകുന്നത്.

വിമാന ടിക്കറ്റ് പ്രവാസികള്‍ സ്വന്തം വഹിക്കണം. ഗള്‍ഫ് രാജ്യങ്ങളില്‍ കുവൈറ്റില്‍ നിന്നാണ് കൂടിയ നിരക്ക്. കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്ക് 19,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് രോഗികള്‍, ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, വയോധികര്‍, ജോലി നഷ്ടമായവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് തിരിച്ചുകൊണ്ടു പോവുന്നത്.

മേയ് ഏഴുമുതല്‍ 14 വരെയായി ആദ്യഘട്ടത്തില്‍ 15,000 ഇന്ത്യക്കാരെയാണ് വിവിധ രാജ്യങ്ങളില്‍നിന്ന് തിരിച്ചുകൊണ്ടു വരുന്നത്. സൗദി അറേബ്യയിലേക്കും കുവൈറ്റിലേക്കും അഞ്ചുവീതവും ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലേക്ക് രണ്ടുവീതവുമാണ് വിമാനസര്‍വീസ്. മലേഷ്യയിലേക്കും, അമേരിക്കയിലേക്കും ബംഗ്ലാദേശിലേക്കും ഏഴും ഫിലിപ്പീന്‍സ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്ക് അഞ്ചുവീതവും വിമാനസര്‍വീസ് ഇന്ത്യ നടത്തും.