മുഴുവന്‍ വിസാ പിഴകളും റദ്ദാക്കി യു.എ.ഇ; മെയ് 18 മുതല്‍ രാജ്യം വിടാന്‍ സമയം

യു.എ.ഇയിലെ വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴകളും ഒഴിവാക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിട്ടു. താമസവിസക്കാര്‍ക്കും, സന്ദര്‍ശകവിസക്കാര്‍ക്കും ഈ ആനൂകൂല്യം ലഭിക്കും.

2020 മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീര്‍ന്നവര്‍ക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം. വിസാ കാലാവധി തീര്‍ന്ന് അനധികൃതമായി തങ്ങുന്നവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ മെയ് 18 മുതല്‍ മൂന്ന് മാസം സമയം അനുവദിക്കുമെന്നും ഉത്തരവിലുണ്ട്.

നേരത്തെ മാര്‍ച്ച് ഒന്നിന് ശേഷം വിസ കാലാവധി അവസാനിച്ചവര്‍ക്ക് പിഴ അടക്കേണ്ടതില്ല എന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതിന് മുന്‍പും വിസ കാലാവധി അവസാനിച്ചവര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് പുതിയ ഉത്തരവിലൂടെ പുറത്തുവന്നിരിക്കുന്നത്.