അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറ്‌ ബില്യണ്‍ ഡോളര്‍ വ്യാപാര ലക്ഷ്യം; ഇന്ത്യ- യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചു

ഇന്ത്യയും യുഎഇയും തമ്മില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപെടല്‍ ന്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും യുഎഇ വ്യാപാര മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കരാര്‍ ഒപ്പുവെച്ചത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറ് ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് കരാര്‍ ലക്ഷ്യമിടുന്നത്. സ്വതന്ത്ര വ്യാപാരം, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, സര്‍ക്കാര്‍ സംഭരണം, തന്ത്രപ്രധാന മേഖലകള്‍ എന്നീ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കരാര്‍ രണ്ടു രാജ്യങ്ങള്‍ക്കും ഗുണകരമാണ്. അഞ്ച് വര്‍ഷത്തിനുലഅളില്‍ പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ക്ക് ഈ കരാര്‍ വഴിയൊരുക്കുമെന്നും പിയുഷ് ഗോയല്‍ പറഞ്ഞു.

ഇന്ത്യയിലെ നിന്നും രത്നം, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍, സ്പോര്‍ട്സ് സാധനങ്ങള്‍, പ്ലാസ്റ്റിക്, ഫര്‍ണിച്ചര്‍, അഗ്രി ഗുഡ്സ്, ഫാര്‍മ, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോമൊബൈല്‍സ്, എഞ്ചിനീയറിംഗ് ഗുഡ്സ് തുടങ്ങിയവയുടെ കയറ്റുമതിക്ക് ഏറെ പ്രയോജനകരമാണ് കരാര്‍. ഇത്തരത്തില്‍ കയറ്റി അയക്കുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ട്.

ആഗോളതലത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. ഇന്ത്യയും യുഎഇയും തമ്മിലുള്ള 2020-21ലെ ഉഭയകക്ഷി വ്യാപാരം 43.3 ബില്യണ്‍ ഡോളറാണ്.