സൗദിയിലെ പ്രവാസികള്‍ പ്രതിസന്ധിയില്‍, സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്

നാലുമാസത്തിനുള്ളിൽ മറ്റ് വിവിധ മേഖലകളിലേക്ക് കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. വാഹനഏജന്‍സികള്‍, ഷോപ്പിങ് മാളുകള്‍, സ്പെയര്‍പാര്‍ട്സ് വില്പനനടത്തുന്ന സ്ഥാപനങ്ങള്‍, ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് പുതിയതായി സ്വദേശിവത്കരണം നടപ്പാക്കുകയെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബാഖായേല്‍ അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ അല്‍ബഹ മേഖലയിലാണ് സ്വദേശി വത്കരണം ആരംഭിക്കുക. റെന്റ് എ കാര്‍ മേഖലയിലും വൈകാതെ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ഒന്നേകാല്‍ ലക്ഷം സൗദികള്‍ക്ക് ജോലി ലഭിച്ചതായി സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ 15 വരെ പുതുതായി ജോലിയില്‍ പ്രവേശിച്ച യുവതീയുവാക്കളുടെ കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്. സ്വദേശിവത്ക്കരണം ശക്തമായി പുരോഗമിച്ച വര്‍ഷമാണ് 2017. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് സ്വദേശിവത്കരണത്തില്‍ വന്‍ പുരോഗതിയുണ്ടായത്.

മൊബൈല്‍ ഫോണ്‍ വിപണന മേഖല, ജ്വല്ലറികള്‍ എന്നിവിടങ്ങളില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പിലാക്കി. 2017 ശക്തമായ സ്വദേശി വത്കരണത്തിന്റെ വര്‍ഷമായിരുന്നെങ്കിലും ചില മാസങ്ങളില്‍ തൊഴിലാളികളുടെ കൊഴിഞ്ഞ്‌പോക്ക് ഉണ്ടായിട്ടുള്ളതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.