മക്കയിലെ പള്ളികളില്‍ ജുമുഅ പുനരാരംഭിച്ചു

മക്കയിലെ വിവിധ പള്ളികളില്‍ ജുമുഅ നമസ്‌കാരം പുനരാരംഭിച്ചു. കോവിഡ് സാഹചര്യത്തില്‍ മൂന്ന് മാസത്തോളം അടച്ചിട്ട പള്ളികള്‍ കഴിഞ്ഞ ഞായറാഴ്ച മുതലാണ് തുറന്നത്. പള്ളികള്‍ തുറന്നശേഷമുള്ള ആദ്യ ജുമുഅയാണ് നടന്നത്. ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ പാലിച്ചാണ് ജമുഅ നമസ്‌കാരം നടന്നത്.

എല്ലാ പള്ളികളിലും ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചില്ല. വീടുകളില്‍നിന്ന് അംഗശുദ്ധി വരുത്തിയാണ് ആളുകള്‍ ജുമുഅക്കെത്തിയത്. ജുമുഅക്ക് 20 മിനിറ്റുമുമ്പ് പള്ളികള്‍ തുറന്നു. ജുമുഅ കഴിഞ്ഞ് 20 മിനുറ്റിനുശേഷം പള്ളി അടക്കുകയും ചെയ്തു. ഖുതുബയും നമസ്‌കാരവും 15 മിനിറ്റില്‍ കൂടിയില്ല.

മക്ക മസ്ജിദുല്‍ ഹറാമില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശന വിലക്ക് തുടരുകയാണ്. ഇരുഹറം ഉദ്യോഗസ്ഥരും ജോലിക്കാരുമടക്കം പരിമിതമായ ആളുകളാണ് ജുമുഅയില്‍ പങ്കെടുത്തത്.