യു.എ.ഇയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയിലേക്ക്; എല്ലാ ജീവനക്കാരും ജോലിയ്ക്ക് എത്തണം

സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറ് ശതമാനം ജീവനക്കാരും ഹാജരാകണമെന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയതായി ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം അറിയിച്ചു. ജൂണ്‍ 14 മുതലാണ് നൂറ് ശതമാനം ജീവനക്കാരുമായി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിക്കുക.

മേയ് 31 മുതല്‍ ജൂണ്‍ 13 വരെ 50 ശതമാനം ജീവനക്കാരുമായി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. വീടുകളില്‍ ഒതുങ്ങുന്നതിന് പകരം ഉത്തരവാദിത്വ ബോധത്തോടെ പുറത്തിറങ്ങാമെന്ന ദുബായിയുടെ പുതിയ നയത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമാക്കുന്നത്.

പൊതുജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ മുടക്കം കൂടാതെ ലഭ്യമാക്കാന്‍ കഴിഞ്ഞ മാസങ്ങളില്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു ഓഫീസുകളുടെ പ്രവര്‍ത്തനം. സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ 11 മണി വരെ തുറക്കാമെന്ന നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. താമസിക്കാതെ ഈ നിയന്ത്രണവും എടുത്തു കളയുമെന്നാണ് കരുതുന്നത്.