പ്രവാസി മടക്കം മൂന്നാംഘട്ടം; ഒമാനില്‍ നിന്ന് കേരളത്തിലേക്ക് പത്ത് സര്‍വീസുകള്‍

പ്രവാസികളെ മടക്കി കൊണ്ടു വരുന്നതിനുള്ള വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് പത്ത് വിമാന സര്‍വീസുകള്‍. മസ്‌കറ്റില്‍ നിന്ന് കോഴിക്കോടിനും കൊച്ചിക്കും തിരുവനന്തപുരത്തിനും രണ്ട് വിമാനങ്ങള്‍ വീതവും കണ്ണൂരിന് ഒരു വിമാനവും സലാലയില്‍ നിന്ന് കണ്ണൂരിലേക്ക് മൂന്ന് സര്‍വീസുമാണ് ഉള്ളത്.

മെയ് 28-നാണ് ഒമാനില്‍ നിന്നുള്ള സര്‍വീസുകള്‍ തുടങ്ങുക. അന്നേദിനം കോഴിക്കോടിനുള്ള വിമാനം മസ്‌കറ്റില്‍ നിന്ന് ഉച്ചക്ക് രണ്ടിന് പുറപ്പെടും. സലാല കണ്ണൂര്‍ വിമാനവും അന്നുണ്ട്. ഇത് വൈകുന്നേരം 3.10-നാണ് പുറപ്പെടുക. 29-ന് കൊച്ചിക്കാണ് അടുത്ത വിമാനം. ഇത് വൈകുന്നേരം 3.45-ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെടും. മെയ് 30-നുള്ള തിരുവനന്തപുരം സര്‍വീസ് വൈകുന്നേരം 3.40-നാകും മസ്‌കറ്റില്‍ നിന്ന് പുറപ്പെടുക. മെയ് 31-നുള്ള കണ്ണൂര്‍ വിമാനം സലാലയില്‍ നിന്ന് വൈകുന്നേരം 3.10-ന് പുറപ്പെടും.

ജൂണ്‍ ഒന്നിന് മസ്‌കറ്റില്‍ നിന്ന് കോഴിക്കോടിനും സലാലയില്‍ നിന്ന് കണ്ണൂരിനും വിമാനങ്ങളുണ്ട്. യഥാക്രമം ഉച്ചക്ക് രണ്ടിനും വൈകുന്നേരം 3.10-നുമാണ് ഈ വിമാനങ്ങള്‍ പുറപ്പെടുക. അടുത്ത വിമാനം ജൂണ്‍ മൂന്നിന് മസ്‌കറ്റില്‍ കണ്ണൂരിനാണുള്ളത്. ഇത് വൈകുന്നേരം 4.15-ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെടും. അവസാന ദിനമായ ജൂണ്‍ നാലിന് മസ്‌കറ്റ് – തിരുവനന്തപുരം വിമാനം വൈകുന്നേരം 3.40-നും മസ്‌കറ്റ് – കൊച്ചി വിമാനം വൈകുന്നേരം 3.45-നും പുറപ്പെടും.