ഒമാനില്‍ വേനല്‍ച്ചൂട് കടുത്തു; വരുംദിവസങ്ങളില്‍ കൂടും

ഒമാനില്‍ വേനല്‍ച്ചൂട് കടുത്തു. രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും വരു ദിവസങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് നല്ല രീതിയില്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച വാദി മആവില്‍, ഖുറിയാത്ത് എന്നിവിടങ്ങളില്‍ താപനില 46 ഡിഗ്രി വരെ ഉയര്‍ന്നു. റുസ്താഖ്, സൂര്‍, അല്‍ അമിറാത്ത് എന്നിവിടങ്ങളില്‍ 45 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. അതിനിടെ ബുറൈമി, ദാഹിറ, ദാഖിലിയ, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാവാനും സാദ്ധ്യതയുണ്ട്.

ചൂടുകാലത്ത് കൂടുതല്‍ വെള്ളം കുടിച്ചും വെയിലത്ത് പുറത്തിറങ്ങാതെയും ശരീരത്തിലെ നിര്‍ജ്ജലീകരണം ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. ഉച്ചവിശ്രമ നിയമം ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വന്നിരുന്നു. ഉച്ചസമയത്ത് പുറംജോലികള്‍ ചെയ്യുന്നത് നിയമത്താല്‍ വിലക്കിയിരിക്കുകയാണ്.