വിസ കാലാവധി 15 വരെ നീട്ടി ഒമാന്‍

സന്ദര്‍ശക വീസയിലെത്തി ഒമാനില്‍ കുടുങ്ങിയവരുടെ വീസ കാലാവധി ഈ മാസം 15 വരെ നീട്ടി. വിമാനത്താവളം അടച്ചതിനാല്‍ സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. വിസിറ്റ്, എക്സ്പ്രസ് വിസകള്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി പുതുക്കാനും സാധിക്കും.

മാര്‍ച്ചില്‍ വിമാനത്താവളം അടക്കുന്നതിന് മുമ്പ് സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ വിദേശികള്‍ ആ കാലയളവിലെ പിഴ അടക്കേണ്ടിവരുമെന്ന് എമിഗ്രേഷന്‍ വിഭാഗത്തിലെ വക്താവ് അറിയിച്ചു. എന്നാല്‍ ഇവര്‍ക്ക് കോവിഡ് കാലയളവിലെ പിഴ ചുമത്തില്ല.

ഭൂരിപക്ഷം വിസകളും ഓണ്‍ലൈനില്‍ പുതുക്കാന്‍ സൗകര്യമുണ്ട്. വിമാനത്താവളം അടയ്ക്കും മുന്‍പ് സന്ദര്‍ശക വീസ കിട്ടിയിട്ടും രാജ്യത്തു വരാതിരുന്നവര്‍ക്ക് വേറെ വീസ എടുക്കേണ്ടിവരുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.