വിനോദസഞ്ചാര മേഖലകള്‍ അടച്ച് ഒമാന്‍

കോവിഡ് സാഹചര്യത്തില്‍ ഒമാനിലെ വിനോദസഞ്ചാര മേഖലകള്‍ അടച്ചിടാന്‍ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. വേനല്‍ക്കാല ടൂറിസം സീസണില്‍ ആഭ്യന്തര വിനോദസഞ്ചാരികള്‍ എത്താനുള്ള സാധ്യത തടയുന്നതിനാണ് ഇത്.

ദോഫാര്‍ ഗവര്‍ണറേറ്റിനു പുറമെ മസീറ വിലായത്തും ജബല്‍ അഖ്ദര്‍, ജബല്‍ഷംസ് മേഖലകളുമാണ് അടച്ചിടുക. ജൂണ്‍ 13- ന് ഉച്ചക്ക് 12 മുതല്‍ ജൂലായ് മൂന്ന് വരെ ഈ പ്രദേശങ്ങളിലെ എല്ലാവിധ ടൂറിസം പ്രവര്‍ത്തനങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. ഓരോ പ്രദേശങ്ങളിലെയും രോഗപ്പകര്‍ച്ചയുടെ തോത് വിലയിരുത്തിയാകും സാഹചര്യങ്ങള്‍ അവലോകനം ചെയ്യുകയെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

അതേസമയം തീരുമാനം മത്ര വിലായത്തിനും ഷോപ്പിംഗ് മാളുകളിലെ കടകള്‍ക്കും വാദികബീര്‍ വ്യവസായ മേഖലക്കും ബാധകമായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വ്യവസായ-വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. അത് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.