പഠനത്തിൽ മികവ് തെളിയിക്കുന്നവർക്ക് ഗോൾഡൻ വിസയും സ്‌കോളർഷിപ്പും; പുതിയ പ്രഖ്യാപനങ്ങളുമായി ദുബായ്

പഠനത്തിൽ മികവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ച് ദുബായ്. അടുത്ത കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്  മികച്ച വിദ്യാർത്ഥികൾക്കായി ഗോള്‍ഡന്‍ വിസയ്ക്കുള്ള അവസരം നൽകിയിരിക്കുന്നത്. ഏറ്റവും മികച്ച എമിറാത്തി ഗ്രേഡ് 12 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക.

മികവ് പുലര്‍ത്തുന്ന പ്രവാസികളുടെ മക്കള്‍ക്കും അവരുടെ കുടുംബത്തിനും 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കും. 50 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പാരിതോഷികവും നല്‍കും. കഴിഞ്ഞ വര്‍ഷം മുതല്‍ 12-ാം ക്ലാസില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി വരുന്നുണ്ട്.

അതേ സമയം അബുദാബിയിലെ സ്വകാര്യ സ്‌കൂളുകൾ കോറോണ പോസിറ്റീവ് ആയ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന ഓപ്ഷനുകൾ വാഗ്ദാനം ചെയ്തതായി അധികാരികൾ അറിയിച്ചു. ഏപ്രിൽ 11 ന് ആരംഭിച്ച പുതിയ ടേമിൽ നിന്ന് സ്വകാര്യ, ചാർട്ടർ സ്കൂളുകളിലെ എല്ലാ വിദ്യാർത്ഥികളും ഓൺ-സൈറ്റ് പഠനത്തിലേക്ക് മടങ്ങണമെന്ന് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു.

ഈ നിബന്ധനയിൽ നിന്ന് വ്യക്തിപരമായി സ്‌കൂളിൽ പോകാനുള്ള കഴിവില്ലായ്മ സ്ഥിരീകരിക്കുന്ന ‘ഉയർന്ന അപകടസാധ്യതയുള്ള’ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കുന്ന വിദ്യാർത്ഥികളെയും കോറോണ ലക്ഷണങ്ങൾ കാണിക്കുന്ന വിദ്യാർത്ഥികളെയും ഒഴിവാക്കിയിട്ടുണ്ട്. കോറോണ ഫലം നെഗറ്റീവായാൽ മാത്രമേ വിദ്യാർത്ഥികളെയും സ്‌കൂൾ ജീവനക്കാരെയും സ്‌കൂൾ കാമ്പസിലേക്ക് തിരികെ അനുവദിക്കാൻ കഴിയുയെന്ന്  അബുദാബി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ നീരജ് ഭാർഗവ ഖലീജ് കൊടുത്ത റിപ്പോർട്ടിൽ പറയുന്നു