ദുബായ് ഷോപ്പിംഗിന് മാറ്റേകാൻ ഇനി എക്സ്പോ സിറ്റി മാളും

യുഎഇ യുടെ പ്രധാന നഗരമായ ദുബായിൽ എക്സ്പോ സിറ്റി മാൾ വരുന്നു. നഗരത്തിൻറെ ഷോപ്പിംഗ് അനുഭവങ്ങൾക്ക് മാറ്റേകാൻ മാൾ സഹായിക്കും എന്നാണ് പ്രതീക്ഷ. ഇമാർ പ്രോപ്പർട്ടീസ് ആണ് മാൾ നിർമ്മിക്കുന്നത്. 3.85 ചതുരശ്ര അടി വിസ്തീർണത്തിൽ 190 ഷോപ്പുകളും റസ്റ്റോറന്റുകളും അടങ്ങിയ മാൾ അടുത്ത വർഷം പ്രവർത്തനം ആരംഭിക്കും.

വേൾഡ് എക്സ്പോ 2020യ്ക്കു ശേഷം എക്സ്പോ സിറ്റിയെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് ദുബായ്. കാലാവസ്ഥാ ഉച്ചകോടി ഉൾപ്പെടെ രാജ്യാന്തര സമ്മേളനങ്ങൾക്ക് എക്സ്പോ സിറ്റി വേദിയാകും. ലോക കപ്പ് ഫുട്ബോൾ മത്സര സമയത്ത് യുഎഇയിലെ ഏറ്റവും വലിയ ഫാൻ സോൺ ആയിരുന്നു ഇവിടം. റമദാനിൽ ഇവിടെ ഹായ് റമദാൻ പരിപാടിയും നടത്തിവരുന്നു. ഇതിൻറെ ഭാഗമായി നിർമ്മിക്കുന്ന എക്സ്പോ വാലി താമസ കേന്ദ്രത്തിലെ 165 വീടുകളുടെ വിൽപന ആരംഭിച്ചു.

നഗരത്തിൻറെ സുപ്രധാന കേന്ദ്രത്തിലാണ് എക്സ്പോ മാളിൻറെ സ്ഥാനം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എക്സ്പോ റോഡ്, ജബൽഅലി റോഡ്, ദുബായ് എക്സ്പോ 2020 മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് വേഗം ഇവിടേക്ക് എത്തിച്ചേരാനാകും.