ബഹ്‌റിനില്‍ ബസ് യാത്രക്ക് 'ഗോ കാര്‍ഡ്' നിര്‍ബന്ധമാക്കി

ബഹ്‌റിനില്‍ ജൂണ്‍ ഒന്നുമുതല്‍ ബസ് യാത്രക്ക് “ഗോ കാര്‍ഡ്” നിര്‍ബന്ധമാക്കി. പണമായി ഇനി ടിക്കറ്റ് നിരക്ക് സ്വീകരിക്കില്ല. 500 ഫില്‍സാണ് ഗോ കാര്‍ഡിന്റെ വില. മനാമ, മുഹറഖ്, ഇസാ ടൗണ്‍ ബസ് സ്‌റ്റേഷനുകളില്‍ നിന്ന് കാര്‍ഡ് വാങ്ങാം. ഇവിടെയുള്ള ടിക്കറ്റ് മെഷീനുകളില്‍ നിന്നും കാര്‍ഡ് ലഭ്യമാണ്.

മൊബൈല്‍ ഫോണില്‍ ടോപ് അപ് ചെയ്യുന്നതു പോലെ ഈ കാര്‍ഡും റീചാര്‍ജ് ചെയ്യാം. 500 ഫില്‍സ് കൊടുത്ത് കാര്‍ഡ് വാങ്ങുമ്പോള്‍ ബാലന്‍സ് പൂജ്യം ആയിരിക്കും. ഇതില്‍ ആവശ്യമായ തുക റീചാര്‍ജ് ചെയ്യണം. വിമാനത്താവളം, യൂണിവേഴ്‌സിറ്റി ഓഫ് ബഹ്‌റിന്‍ (അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രം), ബഹ്‌റിനില്‍ എല്ലായിടത്തുമുള്ള സെയില്‍സ് ടീം, ഡ്രൈവര്‍ എന്നിവരില്‍ നിന്നും കാര്‍ഡ് വാങ്ങാം.

ഡ്രൈവര്‍, സെയില്‍സ് ടീം എന്നിവരില്‍ നിന്ന് കാര്‍ഡ് വാങ്ങുമ്പോള്‍ ഒരു ദിനാറാണ് വില. ഇതില്‍ 500 ഫില്‍സ് ബാലന്‍സ് ഉണ്ടാകും. 50 ദിനാറിന് വരെ ടോപ് അപ് ചെയ്യാവുന്നതാണ്. 10 വര്‍ഷമാണ് ഗോ കാര്‍ഡിന്റെ കാലാവധി. ബാലന്‍സ് തുകയ്ക്ക് കാലാവധി പരിധിയില്ല.

ഒറ്റത്തവണ യാത്രക്ക് ഗോ കാര്‍ഡ് വഴി 250 ഫില്‍സ് ആണ് നിരക്ക്. കാഷ് ആയി നല്‍കുകയാണെങ്കില്‍ ഇത് 300 ഫില്‍സ് ആയിരുന്നു. 600 ഫില്‍സ് കൊടുത്താല്‍ ഒരു ദിവസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം.